You are Here : Home / Readers Choice

പിണറായി വിജയന്‍ കാട്ടിയ വെപ്രാളങ്ങള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, April 26, 2017 11:47 hrs UTC

പിണറായി പിടിച്ച കുരിശ് (ലേഖനം - രണ്ടാം ഭാഗം)

മൂന്നാറില്‍ ഭൂമി കൈയ്യേറി കുരിശ് മാത്രമല്ല സ്ഥാപിച്ചിട്ടുള്ളതെന്ന് ഇടതുവലതു സര്‍ക്കാരുകള്‍ക്ക് വ്യക്തമായി അറിവുള്ളതാണ്. അര്‍പ്പണ ബോധവും ഇച്ഛാശക്തിയുമുണ്ടായിരുന്നെങ്കില്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ അവയെല്ലാം ഒഴിപ്പിക്കാമായിരുന്നു. പക്ഷെ, അദ്ദേഹത്തെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് പാര്‍ട്ടി തന്നെയാണ്. യു.ഡി.എഫ്, സിപിഐ, സിപി‌എം പാര്‍ട്ടികളുടേയും, ടാറ്റ പോലുള്ള വന്‍‌കിട കൈയ്യേറ്റക്കാരുടെയും അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കുമെന്ന് ബോധ്യമായപ്പോഴാണ് അന്നത്തെ ദൗത്യസംഘത്തെ ഭീഷണിയിലൂടെ പുറത്താക്കിയത്. അതിനുശേഷം വന്ന യു.ഡി.എഫ്. സര്‍ക്കാരാകട്ടേ ആ വഴിക്ക് തിരിഞ്ഞു നോക്കിയതുപോലുമില്ല. ഇപ്പോള്‍ യുഡി‌എഫ് നേതാക്കള്‍ പിണറായി വിജയനെ പഴിചാരുന്നത് ഒരുതരം അവസരവാദമായിട്ടേ കാണാന്‍ കഴിയൂ.

 

 

‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനു’മെന്ന ക്രിസ്തുവചനം മതനിരപേക്ഷതയുടെയും മത-രാഷ്ട്രീയ ബന്ധങ്ങളുടെയും സമഗ്ര മൂര്‍ത്തീകരണമാണ്. രാഷ്ട്രീയ സമ്പത്തിന്മേല്‍ മതത്തിന്റെ പേരിലെ കൈയേറ്റത്തെയാണ് മൂന്നാറിലെ പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്. അതിനെ അപലപിക്കാന്‍ മതമേലധ്യക്ഷന്മാര്‍ മടികൂടാതെ രംഗത്തുവന്നെന്നത് മതേതര ജനാധിപത്യത്തിന്റെ വിജയമായി ചരിത്രം അടയാളപ്പെടുത്തും. അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരിക പ്രതികരണങ്ങള്‍ ഒഴിച്ചാല്‍ സഭകള്‍ തന്നെ സര്‍ക്കാര്‍ നടപടിയെ ശ്ലാഘിക്കുകയായിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ സ്ഥാപിച്ചിട്ടുള്ള കുരിശ് അനധികൃതവും അനാവശ്യവുമാണെന്ന് വിവിധ സഭകള്‍ പ്രസ്താവിച്ചിട്ടും ആ കുരിശിന്റെ പേരില്‍ പിണറായി വിജയന്‍ കാട്ടിക്കൂട്ടിയ വെപ്രാളങ്ങള്‍ സ്വന്തം പാര്‍ട്ടിയേയും സഖ്യകക്ഷികളേയും രക്ഷിക്കാന്‍ തന്നെയാണ്. കുരിശ് പൊളിച്ച സംഭവം അറിഞ്ഞില്ലെന്ന് പറയുന്നത് അപഹാസ്യമാണ്. ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഭൂരഹിത കുടിയേറ്റക്കാര്‍ വീടുവെക്കാന്‍ നല്‍കിയ അപേക്ഷകള്‍ക്ക് അനുമതി നല്‍കാതെ അവരുടെ പേരില്‍ കൈയേറ്റക്കാര്‍ക്കായി പ്രതിരോധം തീര്‍ക്കുന്നവരുടെ തനിനിറം ജനം തിരിച്ചറിയും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമം ആരംഭിക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ നിക്ഷിപ്ത ഭൂ-റിസോര്‍ട്ട് മാഫിയ സംഘങ്ങളാണ് മുന്‍‌നിരയില്‍ നില്‍ക്കുന്നത്. അതില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്. കൈയേറ്റത്തിനെതിരായ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന സിപി‌എം പാര്‍ട്ടി ഓഫീസ് പൊളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രവീന്ദ്രന്‍ പട്ടയം വ്യാജമാണെന്ന് കെപി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായിരിക്കെ നിരവധി തവണ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിട്ടുള്ളതാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ രവീന്ദ്രനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഒരു ചെറുവിരല്‍ അനക്കാന്‍ പോലും യു.ഡി.എഫിനോ എല്‍‌ഡി‌എഫിനോ കഴിഞ്ഞില്ല. അനധികൃതമായി ഭൂമി കൈയ്യേറി കൈവശം വെച്ചിരിക്കുന്ന ടാറ്റക്കെതിരെ നടപടിയെടുക്കാന്‍ സിപി‌ഐയും റവന്യൂ വകുപ്പും ഇതുവരെ ശ്രമിച്ചിട്ടുമില്ല. മതചിഹ്നങ്ങള്‍ സ്വാര്‍ഥതാല്‍പര്യത്തിന് ഉപയോഗിക്കുന്നവര്‍ ഏത് മതക്കാരായാലും മുഖം നോക്കാതെ നടപടിയെടുക്കണം.

 

 

 

അതിനുള്ള ആര്‍ജ്ജവമാണ് വേണ്ടത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൈയ്യേറ്റമൊഴിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചതെന്ന് ദേവികുളം കലക്ടര്‍ പറയുമ്പോള്‍, സര്‍ക്കാരും പോലീസും അറിയാതെയാണ് ഇതൊക്കെ ചെയ്തതെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ പൊരുളാണ് സംശയത്തിനിട നല്‍കുന്നത്. സല്‍‌പ്രവൃത്തികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരെ ചിലരുടെ കുത്സിത ശ്രമങ്ങളിലൂടെ സ്ഥലം മാറ്റുന്ന പ്രവണത സര്‍ക്കാരുകള്‍ കാണിക്കാറുണ്ട്. അതുപോലെ ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണോ മുഖ്യമന്ത്രിയുടെ വികാരപ്രകടനമെന്നും സംശയിക്കണം. മൂന്നാര്‍ കുറിഞ്ഞി സങ്കേതത്തില്‍ 32 ഏക്കര്‍ കൈയ്യേറിയ സി.പി.എം എം.പി ജോയ്സ് ജോര്‍ജിനെയും, മൂന്നാറില്‍ തന്നെ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിട്ടുള്ള പാര്‍ട്ടി എം.എല്‍.എ എസ്. രാജേന്ദ്രനേയും കുടിയൊഴിപ്പിച്ച് സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിച്ചിരുന്നെങ്കില്‍ പ്രശ്നം ഇത്ര സങ്കീര്‍ണ്ണമാകുകയില്ലായിരുന്നു. എം.എല്‍.എ. രാജേന്ദ്രനാണ് സബ് കലക്ടറേയും ഭൂസം‌രക്ഷണ സേനയേയും ആക്രമിക്കാന്‍ മുന്‍‌നിരയില്‍ തന്നെ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൈയ്യേറ്റങ്ങള്‍ കുരിശിന്റെ രൂപത്തിലായാലും മറ്റെന്തിന്റെയെങ്കിയെങ്കിലുമോ രൂപത്തിലായാലും ഒഴിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന തന്നെ സ്വന്തം പാര്‍ട്ടി കൈയ്യേറ്റക്കാരാണെന്ന് പറയാതെ പറഞ്ഞുവെച്ചതല്ലേ.

 

 

"ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ട അടയാളമാണ്. ഇതിനെ ആദരവോടെ സമീപിക്കണമെന്നാണ് സഭയുടെ ആഗ്രഹം. വനഭൂമി കൈയേറ്റത്തിനെ ന്യായീകരിക്കുന്നില്ല. എല്ലാ മതസ്ഥരും പൊതുസ്ഥലങ്ങളില്‍ അവരുടേതായ ചില കാര്യങ്ങള്‍ സ്ഥാപിക്കുന്ന രീതി ദശകങ്ങളായി ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനെതിരെ നടപടി എടുക്കുകയാകും ചെയ്യുന്നത്. എന്തായാലും ഇക്കാര്യത്തില്‍ സഭയുടെ നിലപാട് വ്യക്തമാണ്. വനഭൂമി കൈയേറി കുരിശ് സ്ഥാപിക്കുന്നത് സഭയുടെ പ്രഖ്യാപിത നടപടിയല്ല. വനഭൂമി കൈയേറ്റത്തെ സഭ അംഗീകരിക്കുന്നില്ല" - കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകളാണിത്. കത്തോലിക്കാ സഭയുടെ പഠനങ്ങളുമായി യോജിച്ചു പോകുന്നതല്ല സ്പിരിറ്റ് ഇന്‍ ജീസസിന്റെ രീതിയെന്നും ഇത് സംബന്ധിച്ച് ശ്രദ്ധയില്‍പെട്ടപ്പോള്‍ തിരുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും തൃശൂര്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. തന്നെയുമല്ല ഇവര്‍ക്കെതിരെ നിരവധി പരാതികളുണ്ടെന്നും ബിഷപ്പ് പറയുന്നു. സ്പിരിറ്റ് ഇന്‍ ജീസസിനേയോ അവരുടെ നിലപാടുകളെയോ കത്തോലിക്ക സഭ അംഗീകരിക്കുന്നില്ല. അവര്‍ക്ക് സഭയുമായി ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നുവെന്നും ബിഷപ് പറയുന്നു. സ്ഥലം കൈയ്യേറി കുരിശ് സ്ഥാപിച്ചത് ക്രൈസ്തവ ദര്‍ശനത്തിന് എതിരാണ്. കൈയേറിയ സ്ഥലത്ത് മതചിഹ്നങ്ങള്‍ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

 

 

 

"കുരിശ് ആദരത്തിന്റെ പ്രതീകമാണ്. അത് അനാദരിക്കപ്പെടുന്ന രീതിയില്‍ പ്രതിഷ്ഠിക്കുന്നത് തെറ്റാണ്. സഭ ഒരു സ്ഥലത്തും കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേസമയം, കുരിശ് ഒരു വികാരവും വിശ്വാസവുമാണ്. ക്രൈസ്തവ ജീവിതത്തിന്റെ പ്രധാന ആണിക്കല്ലാണത്. അനധികൃതമായി ഭൂമി കൈയേറി അത് സ്ഥാപിക്കുന്നത് ശരിയല്ല." സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ വാക്കുകളാണിവ. " ക്രൈസ്തവ സഭ ഒരിക്കലും കൈയ്യേറ്റത്തെ ന്യായീകരിക്കില്ല. സഭയുടെ വിശ്വാസത്തിന്റെ പ്രതീകമായ കുരിശിനെ കൈയേറ്റ ഭൂമിയിലല്ല സ്ഥാപിക്കേണ്ടത്." - എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറയുന്നു. മൂന്നാറിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നടക്കുന്നതുവരെ പാപ്പാത്തിച്ചോലയിലെ കുരിശിന്റെ ചരിത്രം ആര്‍ക്കും അറിയില്ലായിരുന്നു. 'സ്പിരിറ്റ് ഇന്‍ ജീസസ്' മേധാവി ടോം സക്കറിയയുടെ പിതാവ് അറുപതു വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണത്രേ ആ കുരിശ് !!

 

 

 

അത് ജീര്‍ണ്ണാവസ്ഥയിലെത്തിയപ്പോള്‍ 'പുതുക്കി' പണിതതെന്നാണ് സംഘടനയുടെ പ്രസ്താവന. കുരിശു പ്രശ്നം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ടോം സക്കറിയയും കുടുംബവും നടത്തിയ വന്‍ കൈയ്യേറ്റത്തിലേക്കാണ്. വൈദ്യുതി മന്ത്രി എം എം മണിയും സിപി‌എം എം.എല്‍.എ രാജേന്ദ്രനും ടോം സക്കറിയയെ ന്യായീകരിക്കാന്‍ കാരണം അവരുടെ അറിവോടെയാണ് ഈ കൈയ്യേറ്റങ്ങള്‍ നടത്തിയിരിക്കുന്നതെന്ന സത്യം മറച്ചു വെക്കാനായിരുന്നു. 'ഒരു കുരിശല്ലേ' എന്ന് ലാഘവത്തോടെ പറയുന്ന എം എം മണി യഥാര്‍ത്ഥത്തില്‍ പിണറായി വിജയനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. 'സ്പിരിറ്റ് ഇന്‍ ജീസസ്' മേധാവി ടോം സക്കറിയയും കുടുംബവും ഉടുമ്പന്‍ചോല താലൂക്കിലെ പരിസ്ഥിതിലോല മേഖലയായ ചിന്നക്കനാലില്‍ എത്ര ഭൂമി കൈയേറിയെന്നതിനെക്കുറിച്ച് റവന്യൂ വകുപ്പിനുപോലും കണക്കില്ലെന്നു പറയുന്നു. പാപ്പാത്തിച്ചോലയില്‍ കുരിശാണ് സ്ഥാപിച്ചതെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ടോം സക്കറിയയുടെ വെള്ളുക്കുന്നേല്‍ കുടുംബം വ്യാജപട്ടയം മറയാക്കി വന്‍കിട റിസോര്‍ട്ടുകളാണ് പണിതുയര്‍ത്തിയിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോകളും പട്ടയം റദ്ദാക്കണമെന്ന കലക്ടറുടെ ഉത്തരവും നോക്കുകുത്തിയാക്കിയാണ് ഈ കൈയേറ്റങ്ങള്‍ നടത്തിയത്.

 

 

 

ടോം സക്കറിയയുടെ സഹോദരന്‍ ജിജി സക്കറിയയുടെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ ജംഗിള്‍ റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന ഭൂമി വ്യാജപട്ടയത്തിലൂടെ സ്വന്തമാക്കിയതാണെന്ന് റവന്യൂ കമീഷണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ വില്ലേജിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളില്‍ ടോമിന്റെ പിതാവ് സക്കറിയ ജോസഫിനെയും കുടുംബാംഗങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. ഭരണകക്ഷി എം.എല്‍.എയുമായും ടോം സക്കറിയയുമായും അടുത്ത ബന്ധമുള്ള പ്രദേശിക സി.പി.എം നേതാവാണ് ചിന്നക്കനാലിലെ കൈയേറ്റങ്ങളുടെ ഇടനിലക്കാരനെന്നും പറയുന്നു. 'സ്പിരിറ്റ് ഇന്‍ ജീസസി'ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ തലോറിലാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ പഠന കേന്ദ്രം. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടുക്കി രൂപത നടപടിയെടുത്തപ്പോഴാണ് ടോം സ്കറിയ തൃശൂരിലെ പീച്ചിയില്‍ ‘വചനം കൂടാരം’ എന്ന പേരില്‍ ധ്യാനകേന്ദ്രം ആരംഭിച്ചത്. ജില്ലയില്‍ കേച്ചേരി, പുതുശേരി എന്നിവിടങ്ങളിലാണ് ടോമിനെ പിന്തുണക്കുന്നവരുള്ളതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ കുരിയച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് സ്പരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി. ഇടുക്കി ജില്ലയില്‍ ഇവര്‍ക്ക് അനുയായികളില്ല. കുരിശിനെ മാത്രം ആരാധിക്കുന്ന വ്യക്തി കേന്ദ്രീകൃത സഭയായതിനാല്‍ മറ്റ് ക്രൈസ്തവ സഭകളുടെ പിന്തുണയും ഇവര്‍ക്കില്ല.

 

 

 

24 വര്‍ഷം മുമ്പ് തനിക്ക് യേശുവിന്റെ വെളിപാടുണ്ടായി എന്നാണ് ടോം സക്കറിയ അവകാശപ്പെടുന്നത്. കൈയ്യേറ്റ ഭൂമിയില്‍ നാട്ടിയ കുരിശ് വിവാദത്തില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. "ആരായാലും അവരുടേതല്ലാത്ത ഭൂമി കൈയേറുന്നത് നീതിയല്ല, ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയുമുണ്ടാകില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാണ്. ഭൂമിയുടെ ഒന്നാമത്തെ അവകാശി വീടില്ലാത്തവരാണ്. നിര്‍ധനര്‍ക്ക് വീടുവെക്കാന്‍ സ്ഥലം സര്‍ക്കാര്‍ നല്‍കണം. ഭൂമി ജനങ്ങള്‍ക്ക് കൊടുക്കണം. ആരാണെങ്കിലും അതിന്റെ ഉടമസ്ഥനോട് ചോദിക്കാതെ കൈയേറാന്‍ പാടില്ല. മറ്റുള്ളവരുടെ അടിസ്ഥാന ആവശ്യം നിഷേധിച്ച് കൈയേറ്റങ്ങള്‍ പാടില്ല." അതെ, അദ്ദേഹം പറഞ്ഞതാണ് ശരി. നിര്‍ധനരും തല ചായ്ക്കാന്‍ ഒരിടം പോലുമില്ലാത്ത പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കേരളത്തിലുള്ളത്. 'പട്ടയ ദാന മേള' എന്ന പേരില്‍ എല്ലാ സര്‍ക്കാരുകളും കൊട്ടിഘോഷിച്ച് പട്ടയം നല്‍കുന്നു, മറുവശത്ത് പാര്‍ട്ടിക്കാരും ഗുണ്ടകളും അവരില്‍ നിന്ന് വ്യാജ രേഖകളിലൂടെ അതൊക്കെ തട്ടിയെടുക്കുന്നു. ഇതാണ് കേരളത്തില്‍ നടക്കുന്നത്. കുരിശിന്റെ ചരിത്രമറിയാവുന്ന ക്രൈസ്തവ സഭകളും അവയുടെ നേതൃത്വവും ഇത്രയധികം പ്രസ്താവനകളിറക്കിയിട്ടും, ആ കുരിശിന്റെ പേരില്‍ പിണറായി വിജയന്‍ കാട്ടിക്കൂട്ടിയ വെപ്രാളങ്ങള്‍ ഒരുതരം കാപട്യമാണ്. പിണറായിയെപ്പോലെയുള്ള ഒരു നേതാവ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തി. കുരിശ് പൊളിച്ചു മാറ്റിയതിനെ ക്രൈസ്തവ സഭകള്‍ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി എന്തിനാണ് വികാരം കൊള്ളുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചോദിക്കുന്നത്.

 

 

 

തിരുകേശ വിവാദത്തില്‍ 'ബോഡി വേസ്റ്റ്' പ്രയോഗം നടത്തിയപ്പോഴും, ശ്രീനാരായണ ഗുരുവിനെ അപമാനിച്ചപ്പോഴും മതവികാരം വ്രണപ്പെടുമെന്ന് തോന്നിയിട്ടില്ലാത്ത പിണറായിക്ക് ഇപ്പോള്‍ അങ്ങനെ തോന്നുന്നതിന്റെ കാരണമെന്താണെന്നുമാണ് കുമ്മനം ചോദിക്കുന്നത്. കൈയ്യേറ്റ വിഷയത്തില്‍ മത, രാഷ്ട്രീയ വിവേചനം പാടില്ല, ദേശദ്രോഹ നടപടിയെന്ന നിലക്ക് വേണം ഇതിനെ കാണാനെന്നും കുമ്മനം പറയുന്നു. (2012ല്‍ അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും തമ്മില്‍ നടന്ന വാക്‌പോര് കേരളത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുടിയാണെന്നു പറഞ്ഞ് എവിടെനിന്നോ ആരുടേയോ കുറച്ചു മുടി സംഘടിപ്പിച്ച് എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു പിണറായി വിജയന്‍. പ്രവാചകന്റെ മുടിയ്ക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും, മുടി ‘ബോഡി വെയ്സ്റ്റ്‘ ആണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. "മുറിച്ചു മാറ്റിയ മുടിയായാലും നഖമായാലും വിയര്‍പ്പായാലും അതെല്ലാം ബോഡി വെയ്സ്റ്റാണ്. ബോഡി വേസ്റ്റിനല്ല പ്രാധാന്യം നല്‍കേണ്ടത്. അതായത് പ്രവാചകന്റെ മുടിയ്ക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പ്രവാചകന്റെ തിരുകേശം സൂക്ഷിക്കുന്നത് തെറ്റാണ്. സി പി എം മതപരമായ കാര്യങ്ങളില്‍ ഇടപെടില്ല. അതേസമയം വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്തവരാണ് സി പി എം. വര്‍ഗീയതയ്ക്ക് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കാറില്ല" - അന്ന് പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞതാണിവ).

 

 

ക്രൈസ്തവ സഭാ പുരോഹിതരെ 'നികൃഷ്ട ജീവികള്‍' എന്നു വിളിച്ചപ്പോഴില്ലാത്ത ഈ വിശ്വാസികളോടുള്ള സ്‌നേഹവും ജാഗ്രതയും ഇപ്പോഴുണ്ടാകുന്നതില്‍ തീര്‍ച്ചയായും ദുരൂഹതയുണ്ട്. കുരിശ് വിവാദത്തിന്റെ മറവില്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്താനുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചെയ്തതുപോലെ ഇതും ഒരു പ്രഹസനമായിത്തീരാന്‍ സാധ്യതയുണ്ട്. മൂന്നാറില്‍ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം മതവിശ്വാസത്തിന്റെ പേരില്‍ എല്ലാ വിഭാഗങ്ങളും സര്‍ക്കാര്‍ ഭൂമി കൈയ്യേറി അവരവരുടെ ആരാധനാലയങ്ങള്‍ പണിതുയര്‍ത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് സമഗ്രമായ ഒരനേഷണം നടത്തിയാല്‍ അവയുടെ വിവരങ്ങള്‍ ലഭ്യമാകും. കുരിശു കൃഷിയെ പ്രോത്സാഹിപ്പിക്കാതെ എല്ലാ വഴിയോരങ്ങളിലുമുള്ള മത അടയാളങ്ങള്‍ നീക്കം ചെയ്ത്, കൈയ്യേറിയിട്ടുള്ള ഭൂമിയെല്ലാം തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ആര്‍ജ്ജവം എല്‍‌ഡി‌എഫ് സര്‍ക്കാര്‍ കാണിക്കുകയാണെങ്കില്‍ അടുത്ത ഭരണവും അവര്‍ക്ക് നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കാം.

 

 

 

കൈയ്യേറ്റം ഒഴിപ്പിക്കലിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടേയും ജില്ലയില്‍നിന്നുള്ള മന്ത്രി എം.എം. മണിയുടെയും സഹകരണം ഉറപ്പാക്കണമെന്നാണ് മുഖ്യമന്ത്രി റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്രയ്ക്ക് ബുദ്ധിശൂന്യനാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും, കൈയ്യേറ്റങ്ങളില്‍ അഗ്രഗണ്യരായ മണിയുടേയും രാജേന്ദ്രന്റേയും സമ്മതം കലക്ടറും സബ് കലക്ടറും വാങ്ങണമെന്ന് പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. മൂന്നാറില്‍ കൈയേറ്റമില്ലെന്ന് വാദിക്കുകയും സബ്കലക്ടറുടെ നപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നയാളാണ് എം.എം. മണി. കൂടാതെ മണിയും മണിയുടെ സഹോദരനും കൈയ്യേറ്റക്കാരാണ്. രാജേന്ദ്രനാകട്ടെ സ്വയം കൈയ്യേറ്റക്കാരനും മറ്റു കൈയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന എം.എല്‍.എ.യും. സബ് കലക്ടരെ കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത് രാജേന്ദ്രന്റെയും സിപി‌എമ്മിന്റേയും ഗുണ്ടകളാണ്. അവരോടാണ് സമ്മതം ചോദിക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നത് അപഹാസ്യമല്ലാതെ മറ്റെന്താണ്? കുരിശ് നീക്കം ചെയ്തതിന് മുഖ്യമന്ത്രി കലിപ്പ് തീര്‍ത്തത് ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ്കലക്ടറും അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേരെയാണ്. മുഖ്യമന്ത്രി എത്ര വിയോജിപ്പ് പ്രകടിപ്പിച്ചാലും അവയെ എതിര്‍ത്ത് നില്‍ക്കുന്ന റവന്യൂ മന്ത്രിയാണ് മേല്പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഉണര്‍‌വ്വ് നല്‍കുന്നത്.

 

 

 

പാപ്പാത്തിച്ചോലയിലെ കുരിശിന്റെ മറവില്‍ കൈയ്യേറ്റമൊഴിപ്പിക്കലില്‍ അലംഭാവം കാണിച്ചാല്‍ ഒരു കുരിശല്ല അനേകം കുരിശുകള്‍ പിണറായി വിജയന്‍ ചുമക്കേണ്ടിവരുമെന്നുള്ളത് തീര്‍ച്ചയാണ്. ഇപ്പോള്‍ തന്നെ എം എം മണി ഒരു വലിയ കുരിശായി നിലകൊള്ളുകയാണ്. വിവാദങ്ങള്‍ ഒന്നൊന്നായി എല്‍‌ഡി‌എഫ് സര്‍ക്കാരിനെ പിന്തുടരുമ്പോള്‍ ഒരു കാര്യം അവര്‍ മറന്നുപോകുന്നു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ അറുപതാം വാര്‍ഷികത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റത്. വന്‍ പ്രതീക്ഷകളോടെയായിരുന്നു ജനം ഈ സര്‍ക്കാറിനെ വരവേറ്റത്. പക്ഷെ ആ പ്രതീക്ഷകള്‍ ഒന്നൊന്നായി തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയാണ് ഇന്ന് ജനം കണ്ടുകൊണ്ടിരിക്കുന്നത്. വിവാദങ്ങളുടെയും വീഴ്ചകളുടെയും ഒന്നാം വാര്‍ഷികമാണ് എല്‍‌ഡി‌എഫ് ആഘോഷിക്കാനൊരുങ്ങുന്നത്. ഇതുവരെ കേരളത്തില്‍ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു സംസ്ഥാന സര്‍ക്കാറിനും സംഭവിച്ചിട്ടില്ലാത്ത അത്ര പ്രതിച്ഛായാ നഷ്ടവുമായാണ് പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുന്നതെന്നതും വിരോധാഭാസമായി തോന്നാം.

 

ഒരു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാറിന്‍െറ ഒരേയൊരു തീരുമാനം മാത്രമാണ് പൊതുസമൂഹത്തിന്‍െറ അഭിനന്ദനം നേടിയെടുത്തുള്ളൂ. എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനമാണത്. ഈയൊരു തീരുമാനം ഒഴിച്ചുനിര്‍ത്തിയാല്‍ കൈ വെച്ചതെല്ലാം പിണറായിക്ക് പൊള്ളുന്ന അനുഭവമായിരുന്നു. സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണെങ്കിലും, ഭരണ നേതൃത്വത്തിന് വീഴ്ച സംഭവിച്ചാല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനാണ് കോട്ടം തട്ടുന്നത്. വീഴ്ചയില്‍ നിന്ന് ഗുണപാഠം പഠിക്കുന്ന നേതാക്കള്‍ ഇച്ഛാശക്തിയോടെ, തെറ്റുകള്‍ തിരുത്തി മുന്നോട്ടു നീങ്ങുമ്പോഴാണ് ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസം കൂടുതല്‍ തിളങ്ങുന്നത്. അങ്ങനെയൊരു തിളക്കം പിണറായി വിജയനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിതമാകട്ടേ എന്ന് ആശംസിക്കുന്നു.

 

അവസാനിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.