ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: ആഡംബരം നിറഞ്ഞു നില്‍ക്കുന്ന ഒരു ഒഴിവുകാല സങ്കേതം വില്പനയ്ക്ക്. രണ്ട് വില്ലകളും അഞ്ചേക്കര്‍ സ്വര്‍ഗവും. ഫ്രഞ്ച് സെന്റ് മാര്‍ട്ടിന്റെ പടിഞ്ഞാറേ അറ്റത്തെ നീല വൈരക്കല്ലുപോലെ തിളങ്ങുന്ന കടലോരത്തിലെ ചാറ്റോ ഡെസ് പാമിയേഴ്‌സ് റിസോര്‍ട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിന്റെ കോര്‍പ്പറേറ്റ് ട്രസ്റ്റിന്റെ വിലപിടിപ്പുള്ള റിസോര്‍ട്ടാണ്. അഞ്ചു ബെഡ്‌റൂമുള്ള ഓഷ്യന്‍ വില്ലയും നാലു ബെഡ്‌റൂമുള്ള ഗാര്‍ഡന്‍ വില്ലയുമാണീ റിസോര്‍ട്ടിലുള്ളതെന്ന് സോതെബൈയുടെ ഇന്റര്‍നാഷ്ണല്‍ റിയല്‍റ്റി ലാസ്റ്റിംഗില്‍ പറയുന്നു. ട്രമ്പ് നാലു വര്‍ഷം മുന്‍പ് സ്വന്തമാക്കിയ ഈ സമ്പത്തിന്റെ വില 25 മില്യന്‍ മുതല്‍ 50 മില്യന്‍ ഡോളര്‍ വരെയാകാമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ മെയ് യില്‍ ട്രമ്പ് സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് റിസോര്‍ട്ടില്‍ നിന്ന് ലഭിക്കുന്നത് 1 ലക്ഷം മുതല്‍ 10 ലക്ഷം ഡോളര്‍ വരെയാണ്.
ഗോഡ് ഫാദര്‍ മാരിയോ പുസോ എഴുതിയതുപോലെ ആര്‍ക്കും നിരസിക്കാനാവാത്ത ഒരു ഓഫര്‍ ആണിത്. റിസോര്‍ട്ടിന്റെ മേന്മയ്‌ക്കൊപ്പം അത് വാങ്ങുന്നവര്‍ പ്രസിഡന്റിന്റെ ഇഷ്ടക്കാരനുമാവും എന്ന ആകര്‍ഷണീയത പലരെയും പ്രലോഭിപ്പിക്കും എന്ന് നിരീക്ഷകര്‍ കരുതുന്നു. എന്നാല്‍ പ്രഥമ കുടുംബം ഈയിടെ വിവാദത്തിലായ നൈതികതയുടെ പ്രശ്‌നം വീണ്ടും തലപൊക്കും. മരുമകന്‍ ജാരേഡ് കുഷനറുടെയും കുടുംബത്തിന്റെയും കുഷ്‌നര്‍ കമ്പനീസ് ചൈനീസ് നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ വൈറ്റ് ഹൗസ് ബന്ധം അവകാശപ്പെട്ടത് വിവാദമായത് കഴിഞ്ഞ ആഴ്ചയാണ്. ഇവാങ്ക ട്രമ്പും ഗവണ്‍മെന്റ് ജീവനക്കാരും ഇവാങ്കയുടെ സാമൂഹ്യ മാധ്യമങ്ങളെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രചരണം നടത്തുന്നതായി ആരോപണം ഉണ്ടായി. ഇവാങ്ക ഇത് നിഷേധിച്ചു. കഴിഞ്ഞ ആഴ്ച ഒരു ട്രമ്പ് വസ്തുവില്‍ പ്രസിഡന്റ് നടത്തിയ സന്ദര്‍ശനവും വിവാദമായി. ട്രമ്പിന്റെ നയരൂപീകരണം കുടുതല്‍ കൂടുതല്‍ ശക്തിപ്പെടുന്നതോടെ കൂടുതല്‍ കൂടുതല്‍ വൈരുദ്ധ്യ താല്പര്യങ്ങള്‍ ആരോപിക്കപ്പെടുന്നു. ട്രമ്പും ഇവാങ്കയും കുഷനറും(രണ്ട് പേരും ട്രമ്പിന്റെ ഉപദേശകരാണ്). ഇത് ഒഴിവാക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ മുന്‍ വ്യവസായ താല്‍പര്യങ്ങളോട് വിടപറയുവാന്‍ കഴിയുന്നില്ല. തന്റെ റിയല്‍ എസ്റ്റേറ്റ് വ്യവസായ സാമ്രാജ്യത്തെ പ്രസിഡന്‍സിയില്‍ നിന്ന് അകറ്റി നിറുത്തുവാന്‍ ഇവയെല്ലാം ട്രമ്പ് ഒരു ട്രസ്റ്റിന്റെ കീഴിലാക്കി, ട്രസ്റ്റിന്റെ മുഖ്യ അധികാരികള്‍ ട്രമ്പിന്റെ പ്രായപൂര്‍ത്തിയായ ഒരു മകനും ട്രമ്പ് ഓര്‍ഗനൈസേഷന്റെ ഉന്നത ഉദ്യോഗസ്ഥനുമാണ്. ഇവരില്‍ നിന്ന് താന്‍ വിവരങ്ങള്‍ ഒന്നും ആരായുകയില്ല. പക്ഷെ എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം ഏറ്റെടുക്കാം എന്ന് ട്രമ്പ് പറഞ്ഞിട്ടുണ്ട്. ട്രമ്പ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം വില്‍ക്കുന്ന ആദ്യത്തെ പ്രധാന വസ്തുവാകും കരീബിയന്‍ റിസോര്‍ട്ട്. ഭരണകൂടത്തിന്റെ പ്രീതി നേടാന്‍ അധിക വില പോലും നല്‍കി റിസോര്‍ട്ട് വാങ്ങാന്‍ ആരെങ്കിലും തയ്യാറായാല്‍ അസ്വാഭാവികത ഉണ്ടാവില്ല എന്ന് വിമര്‍ശകര്‍ പറയുന്നു.
റിസോര്‍ട്ട് വില്പനയ്ക്ക് വച്ചത് പ്രസിഡന്റിന്റെ അറിവോടെയാണോ എന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് മറുപടി നല്‍കുന്നില്ല. ചോദ്യം ട്രമ്പ് ഓര്‍ഗനൈസേഷനോട് ചോദിക്കുക എന്നാണ് മറുപടി. ട്രമ്പ് ഓര്‍ഗനൈസേഷനും മറുപടി നല്‍കുന്നില്ല എന്ന് പരാതിയുണ്ട്. മുന്‍ പ്രസിഡന്റുമാര്‍ തങ്ങളുടെ ആസ്തികള്‍ മൂന്നാമതൊരാള്‍ കൈകാര്യം ചെയ്യുന്ന ട്രസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സാമ്പത്തിക നയങ്ങളെ സ്വാധീനിക്കുന്നു എന്ന ആരോപണം ഒഴിവാക്കാനായിരുന്നു ഇത്. ഭരണത്തിലിരിക്കുന്ന ഒരു പ്രസിഡന്റ് തന്റെ വസ്തുവകകള്‍ വില്‍ക്കാന്‍ ശ്രമിച്ചത് മുമ്പൊരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് പ്രസിഡന്‍ഷ്യല്‍ ഹിസ്റ്റോറിയന്‍ മൈക്കേല്‍ ബെഷ്‌ലോസ് പറയുന്നു.
പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ തന്റെ മന്‍ഹാട്ടനിലെ അപ്പാര്‍ട്ട്‌മെന്റ് വിറ്റത് അധികാരമേറ്റതിന് ശേഷമാണ്. നിക്‌സണോട് മറ്റൊരു സംഭവവും സാമ്യപ്പെടുത്തുവാനുണ്ട്. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയ സംഭവം നിക്‌സണ്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആര്‍ച്ചി ബാള്‍ഡ് കോക്‌സിനെ പുറത്താക്കിയതിന് തുല്യമാണ്. അന്ന് സാറ്റര്‍ഡേ നൈറ്റ് മാസക്കര്‍ എന്ന പേരില്‍ പ്രസിദ്ധമായ നടപടിയിലൂടെ നിക്‌സണ്‍ ഒരു കല്പിത കവര്‍ച്ച അന്വേഷിച്ചിരുന്ന കോക്‌സിനെ പുറത്താക്കുകയായിരുന്നു. കോക്‌സിനായിരുന്നു വാട്ടര്‍ഗേറ്റ് അന്വേഷണ ചുമതല. കോമി ആയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സാധ്യതയെ കുറിച്ച് അന്വേഷിച്ചിരുന്നത്.
ഏബ്രഹാം തോമസ്
Comments