ലാസ് വേഗസ് ∙ വീട്ടിൽ വളർത്തുന്ന പിറ്റ്ബുളിന്റെ ആക്രമണത്തിൽ ആറു മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടതായി ലാസ് വേഗസ് ക്ലാർക്ക് കൗണ്ടി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മെയ് 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 നാണ് വെസ്റ്റ് ബ്രിലൈന്റ് പ്രെയ്റി കോർട്ടി ലെ 9100 ബ്ലോക്കിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു. സങ്കരവർഗ്ഗത്തിൽപ്പെട്ട ഒൻപതു വയസ്സു പ്രായമുള്ള പിറ്റ്ബുളാണ് കുട്ടിയെ ആക്രമിച്ചതെന്ന് കൗണ്ടി സ്പോക്ക്മാൻ ഡാൻ കുലിൻ പറഞ്ഞു. പിറ്റ്ബുളുമായി കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തനിച്ചാക്കി മാതാവ് റസ്റ്റ് റൂമിലേക്ക്പോയി തിരിച്ചുവരുന്നതിനിടയിലാണ് സംഭവം നടന്നത്. അക്രമാസക്തമായ പിറ്റ്ബുളിനെ മാതാവ് നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കിലും ഇതിനിടെ കുട്ടി മാരകമായി മുറിവേറ്റിരുന്നു. ഇതൊരു യാദൃശ്ചിക സംഭവമാ ണെന്നും മാതാപിതാക്കളുടെ പേരിൽ കേസെടുക്കുവാൻ സാധ്യതയില്ലെന്നും ലാസ് വേഗസ് പൊലീസ് അറിയിച്ചു. ഒമ്പത് വർഷമായി വീട്ടിൽ കഴിയുന്ന പിറ്റ്ബുൾ ഇതിനു മുമ്പു ഒരിക്കലും ആക്രമണവാസന പ്രകടിപ്പിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. വളർത്തു മൃഗങ്ങളുടെ സമീപം കുട്ടികളെ തനിച്ചാക്കുന്നത് അത്രയും സുരക്ഷിതമല്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു സംഭവമാണിത്.
Comments