ഒക്‌ലഹോമ: ബധിരനായ വ്യക്തി പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ചെവി കേള്‍ക്കാത്തയാള്‍ എന്നു സമീപ വാസികള്‍ കൂകി വിളിച്ചിട്ടും സാഞ്ചസ് (36) എന്ന യുവാവിനെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. സാഞ്ചസിന്റെ പിതാവ് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പെടുകയും തുടര്‍ന്ന് വാഹനം നിര്‍ത്താതെ പിതാവ് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് ഒരു പൊലീസ് ഓഫിസര്‍ അന്വേഷണത്തിനായി സാഞ്ചസും പിതാവും താമസിച്ചിരുന്ന വീട്ടില്‍ എത്തി. വീടിനു മുമ്പിലെത്തിയ പൊലീസ് കണ്ടത് കയ്യില്‍ ഒരു ഇരുമ്പ് വടിയുമായി (റോള്‍) നില്‍ക്കുന്ന സാഞ്ചസിനെയാണ്. ഉടന്‍ തന്നെ സഹായത്തിനായി മറ്റൊരു ഓഫിസറും സ്ഥലത്തെത്തി. ഇരുവരും സാഞ്ചസിനോട് കയ്യിലുള്ള ഇരുമ്പ് റോള്‍ നിലത്തിടാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ഉത്തരവ് കേള്‍ക്കാതെ മുന്നോട്ട് വരുന്നതു കണ്ട് ദൃക്‌സാക്ഷിയായി നിന്നിരുന്ന സമീപവാസി സാഞ്ചസിന് ചെവി കേള്‍ക്കുകയില്ലെന്ന് പൊലീസിനോട് വിളിച്ചു പറഞ്ഞുവത്രെ. ഇതിനിടെ 15 അടി സമീപത്തെത്തിയ സാഞ്ചസിനു നേരെ പൊലീസ് നിറയൊഴിക്കുകയായിരുന്നു. സാഞ്ചസ് സംഭവ സ്ഥലത്തു തന്നെ മരിച്ചു വീണു. സമീപവാസി പറഞ്ഞതു പൊലീസ് ഓഫിസര്‍ കേട്ടില്ലെന്നാണ് പത്രസമ്മേളനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞത്. സാഞ്ചസിന് ചെവി കേള്‍ക്കാത്തതുകൊണ്ട് സ്ഥിരമായി റോള്‍ കൈയ്യില്‍ വച്ചിരുന്നതാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പിതാവിന്റെ പേരിലോ സാഞ്ചസിന്റെ പേരിലോ ഇതിനു മുമ്പു യാതൊരു ക്രിമിനല്‍ കേസും നിലവില്ലായിരുന്നു.
Comments