ന്യൂയോർക്ക് ∙ ന്യൂയോർക്ക് ഓസോൺ പാർക്കിൽ സെപ്റ്റംബർ 24 നുണ്ടായ അഗ്നിബാധയിൽ ഇന്ത്യൻ അമേരിക്കൻ ഭൂവുടമ മൊഹിൻവെയ് സിങ്ങ് (68) പൊള്ളലേറ്റു മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവ സ്ഥലത്തു കുതിച്ചെത്തിയ അഗ്നിശമനാ സേനാംഗങ്ങൾ അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കിയ ശേഷം നടത്തിയ തിരച്ചലിലാണ് കെട്ടിടത്തിന്റെ ബേസ്മെന്റിൽ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. വൈദ്യുതി ലൈനിലുണ്ടായ തകരാർ പരിശോധിക്കുന്നതിനാണ് സിങ്ങ് ബേസ്മെന്റിലേക്ക് പോയതെന്ന് സിങ്ങിന്റെ മരുമകൻ രാമൻ പറഞ്ഞു. വീടിനു തീപിടിച്ചതിനെ തുടർന്ന് ഒന്നാം നിലയിൽ താമസിച്ചിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. എല്ലാവർക്കും നിസ്സാര പരുക്കുകളേറ്റിരുന്നു. പഞ്ചാബിൽ നിന്നാണ് സിങ്ങ് അമേരിക്കയിൽ എത്തിയത്. ഇന്ത്യയിൽ നിന്നും നിരവധി പേരെ സ്പോൺസർ ചെയ്ത് അമേരിക്കയിലേക്കു കൊണ്ടുവന്ന സിങ്ങ് ടാക്സി ഡ്രൈവറായാണ് ജോലി ആരംഭിച്ചത്. ആറു കുട്ടികളും മുതിർന്നവരുമാണ് ഇവിടെ താമസിച്ചിരുന്നത്. തീ ആളിപ്പടർന്നതിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല.
Comments