ഇല്ലിനോയ്‌സ്: ഇല്ലിനോയ് 8-ാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന വന്ദന ജിന്‍ഹന്റെ പേര് ബാലറ്റ് പേപ്പറില്‍ നിന്നും നീക്കം ചെയ്തതോടെ നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തിയും മറ്റൊരു ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ജിതേന്ദ്ര ഡിഗവന്‍ഗറും ( Jithendhra Doganvker) തമ്മില്‍ തീ പാറുന്ന മത്സരം നടക്കുമെന്നുറപ്പായി. വന്ദന സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരുന്നവരില്‍ പലരും ജില്ലക്കു പുറത്തു നിന്നുള്ളവരും വോട്ടില്ലാത്തവരുമായിരുന്നു എന്നതാണു വന്ദനയുടെ പേരു നീക്കം ചെയ്യുവാന്‍ കാരണമായി പറയുന്നത്. വന്ദനയുടെ അവസാന അപ്പീലും തള്ളപ്പെട്ടതോടെയാണു നേരിട്ടുള്ള മത്സരം ഉറപ്പായത്.
സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് ജനറല്‍ കൗണ്‍സല്‍ കെന്‍ മന്‍സലാണ് വന്ദനയുടെ പേരു നീക്കം ചെയ്തതായി അറിയിച്ചത്. ഇന്ത്യന്‍ വംശജര്‍ തിങ്ങി പാര്‍ക്കുന്ന സ്‌കബര്‍ഗ്, നോര്‍ത്ത് വെസ്റ്റ് കുക്ക്, നോര്‍ത്ത് ഈസ്റ്റ് ഡ്യുപേജ്, നോര്‍ത്ത് ഈസ്റ്റ് കെയിന്‍ കൗണ്ടികള്‍ ഉള്‍പ്പെട്ടതാണ് 8-ാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ്. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് സുസമ്മതനുമായ രാജാ കൃഷ്ണമൂര്‍ത്തിയെ നേരിടുന്നതിനു വ്യാപാരിയും കമ്മ്യൂണിറ്റി വര്‍ക്കറുമായ ജിതേന്ദ്രയെ രംഗത്തിറക്കി ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിരുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടു പരിഹാരം കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. 1999 ല്‍ വീടിനു തീപിടിച്ചു മരിച്ച രണ്ടു കുട്ടികളുടെ പിതാവായ ജിതേന്ദ്ര റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയാണ്.
Comments