യു.കെ: മാതാപിതാക്കള്‍ മദ്യപിക്കുന്നതു കാണുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി പഠനം. ലക്ഷക്കണക്കിനു കുട്ടികളാണ് ഇത്തരത്തില്‍ മാതാപിതാക്കള്‍ മദ്യപിക്കുന്നതു കണ്ടു വളരുന്നത്. പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം. മദ്യപാനത്തിനെതിരെ ബോധവത്‌കരണം നടത്തുന്ന ഒരു സ്ഥാപനം നടത്തിയ സര്‍വ്വേയിലാണ് മാതാപിതാക്കള്‍ മദ്യപിക്കുന്നതു കണ്ടു വളരുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 46% കുട്ടികളും മാതാപിതാക്കള്‍ മദ്യപിക്കുന്നതു കണ്ടവരാണ്. 29% കുട്ടികള്‍ ഒരു തവണ മാത്രം കണ്ടവരാണ്. 1000 രക്ഷിതാക്കളെയും അവരുടെ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്തിയ സര്‍വ്വേയില്‍ 42% മാതാപിതാക്കളും അവരുടെ കുട്ടികള്‍ തങ്ങള്‍ മദ്യപിക്കുന്നത് കണ്ടു എന്നു സമ്മതിച്ചവരാണ്.
72% ആളുകള്‍ അവരുടെ കുട്ടികളോട് മദ്യപാനത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ ആത്മവിശ്വാസമുള്ളവരാണ്. കുട്ടികളോട് മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ നിങ്ങള്‍ മദ്യപിക്കുന്നതു കാണുന്ന കുട്ടികള്‍ അവരെ ഇക്കാര്യത്തില്‍ മാതൃകയാക്കുമെന്ന കാര്യം രക്ഷിതാക്കള്‍ മനസിലാക്കേണ്ടതാണ്. യു.കെ യില്‍ പതിനാറു വയസില്‍ താഴെയുള്ള മൂന്നിലൊന്ന് കുട്ടികളും മദ്യപിക്കുന്ന മാതാപിതാക്കളോടൊപ്പമാണ് ജീവിക്കുന്നത്. വല്ലപ്പോഴും മാത്രമേ മാതാപിതാക്കള്‍ മദ്യപിക്കുന്നതു കുട്ടികള്‍ കാണുന്നുള്ളൂ എങ്കിലും ഇതു കണ്ടു വളരുന്ന കുട്ടികള്‍ അവരെക്കാള്‍ വലിയ മദ്യപാനികളായാണ് ഭാവിയില്‍ മാറുക. ബോധവത്‌കരണ സ്ഥാപനത്തിന്റെ മേധാവി എലൈന്‍ ഹിന്‍ഡല്‍ പറയുന്നു. മാതാപിതാക്കള്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും കാട്ടിക്കൊടുക്കുന്ന കാര്യങ്ങളാണ് കുട്ടികള്‍ക്ക് ആല്‍ക്കഹോളിനോടുള്ള മനോഭാവം എങ്ങനെയായിരിക്കുമെന്ന് നിശ്ചയിക്കുന്നത് എന്നും ഹിന്‍ഡല്‍ പറയുന്നു.
Comments