You are Here : Home / Readers Choice

വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ നന്ദിപ്രകടിപ്പിക്കുന്ന കൊച്ചൗസേഫ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 16, 2013 11:35 hrs UTC

കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുമ്പോള്‍ ആദ്യകാല മലയാളികള്‍ക്ക് അത്രസുപരിചിതമല്ലാത്ത ഒരു പദപ്രയോകമായിരുന്നു താങ്ക്‌സ് എന്നുള്ളത്. പാശ്ചാത്യ സംസ്‌ക്കാരത്തില്‍ പ്രത്യേകിച്ച് അമേരിക്കന്‍ സംസ്‌ക്കാരത്തില്‍ കാതുകളേയും, മനസ്സുകളേയും, അധരങ്ങളേയും ഒരേ സമയം ത്രസിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്ന താങ്ക്‌സ് എന്ന പദപ്രയോഗം, ദൈനദിന ജീവിതത്തില്‍ നാം കണ്ടുമുട്ടുന്നവരോട് പറയുകയും, അവരില്‍ നിന്നും കേള്‍ക്കുകയും ചെയ്യുന്ന ഒന്നാണ് താങ്ക്‌സ്. അപ്രതീക്ഷിതമായ അവസരത്തിലാണെങ്കില്‍ പോലും താങ്ക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ അനുഭവവേദ്യമാകുന്ന സുഖം അവഗണനാതീതമാണ്. താങ്ക്‌സ് എന്ന വാക്കില്‍ അടങ്ങിയരിക്കുന്ന അര്‍ത്ഥം ഗ്രഹിക്കാതെ വെറും അധര വ്യായാമമായി ഇതിനെ പ്രയോഗിക്കുന്നവരും ഇല്ലാതില്ല. നന്ദി എന്ന വാക്ക് അനവസരത്തില്‍ അിറയാതെ ഉപയോഗിച്ച ഒരു സുഹൃത്തിന് 'ഉര്‍വ്വശീശാപം ഉപകാരം' എന്ന ചൊല്ല് ജീവിതത്തില്‍ പ്രായോഗികമായത് എപ്രകാരമായിരുന്നുവെന്ന് സരസമായി വിവരിച്ചത് കേള്‍ക്കാന്‍ ഇടയായി.

 

 

മദ്ധ്യവയസ്‌ക്കനായ സാധാരണക്കാരനായ സുഹൃത്ത് കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയിട്ട് ചില ആഴ്ചകള്‍ മാത്രമേ ആയിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ എത്തിയ ജേഷ്ഠന്റെ കുടുംബത്തോടൊപ്പമാണ് താമസം. എത്രയും വേഗം അനുജനെ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുവാന്‍ ആഗ്രഹിക്കുന്ന ജേഷ്ഠനും, അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ജേഷ്ഠന്റെ മക്കളോട് സഹകരിക്കച്ചു ജീവിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട സുഹൃത്തും ഒരു ജോലിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. ഡൗണ്‍ടൗണില്‍ ജോബ് ഫെയര്‍ നടക്കുന്ന വിവരം അറിഞ്ഞ് അവിടേക്ക് ജേഷ്ഠന്റെ കൂടെ സുഹൃത്തും കാറില്‍ പുറപ്പെട്ടു. നാട്ടില്‍ ഒരിക്കല്‍ പോലും സ്യൂട്ടും കോട്ടും ധരിച്ചിട്ടില്ലാത്ത സുഹൃത്തിന് ഇന്റര്‍വ്യൂവിന് വേണ്ടി ജേഷ്ഠന്റെ നിര്‍ബ്ബന്ധ പ്രകാരം ഇവയെല്ലാം എടുത്തിട്ടത് അരോചകമായി അനുഭവപ്പെട്ടു. മല്ലനായ ഗോപിയാത്തിനെ നേരിടുവാന്‍ ശൗല്‍ രാജാവിന്റെ മേലങ്കിയും, പടച്ചട്ടയും അണിഞ്ഞ ദാവീദിന്റെ ചിത്രമാണ് പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നത്. മുമ്പിലുള്ള വാതിലുകള്‍ ഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ ഓരോന്നായി സ്വയം തുറന്നത് നല്ലൊരു ശുഭസൂചകമായിട്ടാണ് സുഹൃത്തിന് അനുഭവപ്പെട്ടത്.

 

 

ഹാളിലിട്ടിരിക്കുന്ന മേശക്കു പിറകില്‍ കറുത്ത് തടിച്ച ഒരാള്‍ കസേരയില്‍ ഇരിക്കുന്ന മേശക്കു മുമ്പില്‍ സുഹൃത്തിന് തൊട്ടു മുമ്പിലായി നില്‍ക്കുന്നത് ഒരു വെള്ളക്കാരനാണ്. പിന്നില്‍ നില്‍ക്കുന്ന സുഹൃത്തിനെ ശ്രദ്ധിക്കാതെ സായിപ്പിന്റെ കനത്ത ഷൂ ധരിച്ച പാദങ്ങള്‍ പുറകിലേക്ക് വലിച്ച് വെച്ചത് ചപ്പലിട്ട സുഹൃത്തിന്റെ പാദത്തിലായിരുന്നു. പുറത്ത് പറയുവാന്‍ സാധിച്ചില്ലെങ്കിലും, മനസ്സില്‍ തികട്ടിവന്നത് മുഴുത്ത തെറിയാണ്. നാട്ടിലായിരുന്നെങ്കില്‍ മുഖമടച്ച് രണ്ടു കൊടുത്തേനെ എന്നും തോന്നോതിരുന്നില്ല. അബന്ധം(തെറ്റ്) മനസ്സിലാക്കിയ സായിപ്പ് സുഹൃത്തിന്റെ മുഖത്ത് ദയനീയമായി നോക്കി എന്തൊക്കെയോ പറഞ്ഞു. ഒന്നും മനസ്സിലായില്ല. പെട്ടെന്ന് ജേഷ്ഠന്‍ നല്‍കിയ ഉപദേശമാണ് ഓര്‍മ്മവന്നത്. ആരു എന്തു ചെയ്താലും സന്ദര്‍ഭത്തിനൊത്ത് ഒരു താങ്ക്‌സ് എങ്കിലും പറയണമെന്ന്. കാലില്‍ വേദന അസഹ്യമായിരുന്നുവെങ്കിലും ചിരിച്ചുകൊണ്ട് സായിപ്പിനോട് ഒരു താങ്ക്‌സ് തട്ടിവിട്ടു. താങ്ക്‌സ് എന്ന വാക്ക് കേട്ടപ്പോള്‍ അത്ഭുതസ്തംഭനായി നില്‍ക്കുന്ന സായിപ്പിനെയാണ് സുഹൃത്തിന് കാണാന്‍ കഴിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. ജോബ് ഫെയറില്‍ നല്‍കുന്നതിനായി തയ്യാറാക്കിയിരുന്ന അപേക്ഷ സുഹൃത്തിന്റെ കയ്യില്‍ നിന്നും വാങ്ങി മേശപുറത്ത് വെച്ചു. അവിടെ ഇരുന്നിരുന്ന ഒരു പേപ്പറില്‍ ചില ഇംഗ്ലീഷ് വാചകങ്ങള്‍ എഴുതി തിരികെ നല്‍കി. സായിപ്പു ഒരു സോറി പറഞ്ഞ് അവിടെ നിന്നും സ്ഥലം വിടുകയും ചെയ്തു. അല്പമകലെ മാറി നിന്നിരുന്ന ജേഷ്ഠന്‍ ഇതെല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു.

 

 

കയ്യില്‍ കിട്ടിയ പേപ്പര്‍ ജേഷ്ഠനെ ഏല്‍പിച്ചു. നാളെ രാവിലെ മുതല്‍ വെയര്‍ ഹൗസില്‍ ജോലിക്കു നിയമനം നല്‍കി കൊണ്ടുള്ള കത്തായിരുന്നു അത്. പിന്നീടാണ് മനസ്സിലായത്, മുന്നില്‍ നിന്നിരുന്ന സായിപ്പിന്റെ വെയര്‍ ഹൗസിലേക്ക്, ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ജോബ് ഫെയറായിരുന്നു അതെന്ന്. താങ്ക്‌സ് എന്ന വാക്ക് മനുഷ്യനില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നും, അതിന് പ്രവര്‍ത്തിയിലൂടെ നല്‍കിയ അംഗീകാരം എത്ര വിലിയേറിയതായിരുന്നുവെന്നും ചൂണ്ടികാണിക്കുന്നതായിരുന്നു മേലുദ്ധരിച്ച സംഭവം. വെറും ഭംഗിവാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ നന്ദി എങ്ങനെ പ്രകടിപ്പിക്കാം എന്ന് തെളിയിച്ച തൃശ്ശൂര്‍ക്കാരന്‍ വ്യാപാരി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ അനുകരണീയമായ മാതൃക ഈയിടെ പത്രതാളുകളില്‍ നിറഞ്ഞു നിന്നിരുന്നു. ക്ലിഫ് ഹൗസ് റോഡ് ഉപരോധിച്ചു വഴിമുടുക്കിയ ഇടത ുമുന്നണി നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന തിരുവനന്തപുരം സ്വദേശിയായ സന്ധ്യയെന്ന വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു എന്നതായിരുന്നു വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത. ഇതിനനുബന്ധമായി മറ്റൊരു വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടു.

 

 

2012 നവംബര്‍ 7ന് എറണാംകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ വെച്ചു തിരുവല്ലായിലെ ഫാ.അബ്രഹാം ഉമ്മന്‍ എന്ന 55 ക്കാരനായ വൈദീകന് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്ത് മാതൃക തീര്‍ത്ത ഒരു ചെറുപ്പക്കാരന് കൊച്ചൗസേപ്പ് പാരിതോഷികമായി നല്‍കിയ അഞ്ചുലക്ഷം രൂപാ തിരിച്ചുനല്‍കുന്നു എന്നതായിരുന്നുവത്. തലസ്ഥാനത്ത് എല്‍ഡിഫ് നടത്തുന്ന വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ചു മാധ്യമശ്രദ്ധനേടുവാന്‍ ശ്രമിച്ച സന്ധ്യക്ക് കൊച്ചൗസേഫ് നല്‍കിയ സമ്മാനം കേരള സമൂത്തെ അധിഷേപിക്കുന്നതിന് തുല്യമാണെന്നും, തന്റെ ജീവകാരുണ്യ പ്രവര്‍ത്തനവും, ഒരു വനിത, എല്‍ഡി.എഫ് സമരത്തെ അപഹസിച്ചതും കൊച്ചൗസേഫ് ഒരേ ദിശയില്‍ കണ്ടത് ശരിയല്ലെന്നും പറഞ്ഞാണ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഇരിട്ടി വെളിമാനം സ്വദേശി ടി.വി.ജോര്‍ജ് പത്രസമ്മേനം വിളിച്ചുകൂട്ടി 5 ലക്ഷം രൂപാ കൊച്ചൗസേഫിന് തിരിച്ചുനല്‍കുമെന്നും അറിയിച്ചത്. 2013 ജൂണിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും പാരിതോഷികം ജോര്‍ജ്ജ് ഏററുവാങ്ങിയത്. വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയും, കിഡ്‌നിദാനം ചെയ്ത ടി.വി.ജോര്‍ജും ചെയ്ത പ്രവര്‍ത്തികള്‍ പ്രശംസനീയമാണെന്നും, പ്രത്യേകം നന്ദി അര്‍ഹിക്കുന്നുവെന്നും ഭംഗിവാക്കുകള്‍ പറയുകയും, പറ്റുമെങ്കില്‍ പത്രങ്ങളിലൂടെ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്ന മത-രാഷ്ട്രീയ-സാമുഹിക നേതാക്കന്മാരാണ് ഭൂരിപക്ഷവും, പ്രശംസിക്കുന്നതോടൊപ്പം അവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഏതെങ്കിലും നിലയില്‍ അല്പം വില നല്‍കുവാന്‍ ഇക്കൂട്ടര്‍ തയ്യാറില്ല.

 

 

ഇവിടെയാണ് കൊച്ചൗസേഫിനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നത്. കൊച്ചൗസേഫിനേക്കാള്‍ എത്ര വലിയ സമ്പന്നന്മാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സന്ധ്യയുടെ സംഭവത്തില്‍ പ്രതികരിച്ചവര്‍ എത്രപേരാണ്! സന്ധ്യയെപോലെ, ടി.വി.ജോര്‍ജ്ജിനെ പോലെ ത്യാഗങ്ങള്‍ സഹിച്ചു സമൂഹത്തില്‍ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കുവാന്‍ മുന്നോട്ടുവന്ന തൃശ്ശൂര്‍ക്കാരന്‍ കൊച്ചൗസേഫില്‍ നിന്നും നമ്മുക്കും ആവേശം ഉള്‍ക്കൊള്ളാം- മാതൃകപിന്തുടരാം!!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.