വെസ്റ്റ് റീഡിങ്ങ് (പെന്‍സില്‍വാനിയ) : അക്യൂട്ട് മൈലോയ്ഡ് ലൂക്കേമിയ എന്ന അപൂര്വ്വരോഗത്തിനടിമയായി, മരണാസനയായി കിടക്കുന്ന എട്ടുവയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹം സഫലീകരിക്കുന്നതിന് 10, 000 പേര് ഉള്‍പ്പെടുന്ന ക്രിസ്മസ് കരോളിങ്ങ് ടീം വീട്ടുമുറ്റത്ത് തടിച്ചുകൂടിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംഗീതത്തെ ജീവനു തുല്യം സ്നേഹിച്ചിരുന്ന പെണ്‍കുട്ടി ക്രിസ്തുമസ് ഗാനങ്ങള്‍ കേള്‍ക്കണമെന്ന ആഗ്രഹം സോഷ്യല്മീഡിയായിലൂടെ ഡിസംബര്‍ 20 വെള്ളിയാഴ്ചയാണ് അറിയിച്ചത്. എട്ടാം പിറന്നാള്‍ ദിനത്തില്‍(വെള്ളിയാഴ്ച) പുറത്തു വന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചു പട്ടണത്തിലെ അറിയപ്പെടുന്ന കണ്ട്രി സിംഗറുടെ നേതൃത്വത്തില്‍ 10,000 ത്തോളം ജനങ്ങളാണ് കയ്യില്‍ കത്തിച്ചു പിടിച്ച മെഴുകുതിരിയുമായി ജിംഗിള്‍ ബല്, ജിംഗിള്‍ ബെര്, സൈലന്റ് നൈറ്റ് ഹോളിനൈറ്റ് എന്നീ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കുന്നതിനായി ശനിയാഴ്ച വീട്ടുമുറ്റത്ത് എത്തിചേര്‍ന്നത്. ബ്രീത്തിങ്ങ് മാസ്കും ധരിച്ചു കിടക്കയില്‍ കിടന്നുകൊണ്ട് വീഡിയോയിലൂടെ ക്രിസ്മസ് ഗാനങ്ങള്‍ കേട്ടപ്പോള്‍ പെണ്‍കുട്ടി ബലഹീനമായ കൈകള്‍ വീശിയാണഅ പ്രതികരിച്ചത്. "നിങ്ങളുടെ ഗാനങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു, ഐലവ്യൂ" എന്നീ വാക്കുകള്‍ പെണ്‍കുട്ടി ഉച്ചരിച്ചപ്പോള്‍ കൂടിയിരുന്നവരുടെ കണ്ണില്‍ നിന്നും കണ്ണുനീര് നിറഞ്ഞൊഴുകിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ക്രിസ്തുമസ്സിന്റെ യഥാര്‍ത്ഥ സന്ദേശം എന്തായിരുന്നുവെന്ന് എട്ടുവയസ്സുക്കാരി ഞങ്ങളെ ബോധ്യപ്പെടുത്തിയതായി കരോളിങ്ങിനെത്തിയ പലരും അഭിപ്രായപ്പെട്ടു.
Comments