അറ്റ്‌ലാന്റ : വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ തൊട്ടുപുറകിലിരുന്ന സ്ത്രീയുടെ പത്തൊമ്പതുമാസം പ്രായമുള്ള വളര്‍ത്തുമകന്‍ കരഞ്ഞു ശല്യമുണ്ടാക്കിയത് അരോചകമായി തോന്നിയപ്പോള്‍ സ്ത്രീയെ ശാസിക്കുകയും, കുട്ടിയുടെ കവിളില്‍ കരയാതിരിക്കുവാനാവശ്യപ്പെട്ട് മൃദുവായി തല്ലുകയും ചെയ്തതിന്റെ പേരില്‍ മുന്‍ എയ്‌റോ സ്‌പേയ്‌സ് എക്‌സിക്യൂട്ടീവ് ജൊ റിക്കി ഹഡ്‌ലി(61) ക്ക് 8 മാസം ജയില്‍ശിക്ഷ ലഭിക്കുമെന്ന് മനസ്സില്‍ പോലും കരുതിയിരുന്നില്ലായിരിക്കാം. കുട്ടിയുടെ കവിള്‍തടം ചുവന്നത് വളര്‍ത്തു മാതാവിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. അടിച്ച ജെറി റിക്കി വെള്ളക്കാരനും കുട്ടി കറുത്തവര്‍ഗ്ഗക്കാരനുമായിരുന്നത് സംഭവത്തിന് വര്‍ഗ്ഗീയ പ്രതിഛായ നല്‍കി.
വിമാനത്തില്‍ ലഭിക്കുന്ന മദ്യം സേവിച്ച മദ്യലഹരിയിലാണ് കുട്ടിയെ തല്ലിയതെന്നുമുള്ള വാദം ജൊ റിക്കിക്ക് കുടുതല്‍ വിനയായി. അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച് മരണാസന്നനായി ലൈഫ് സപ്പോര്‍ട്ടില്‍ കിടന്നിരുന്ന മകനെ അവസാനമായി കാണുന്നതിനുള്ള യാത്രയില്‍ മനസ്സ് അസ്വസ്ഥമായിരുന്നു എന്ന പ്രതിയുടെ വാദവും, കുട്ടിയുടെ അമ്മയോട് ക്ഷമാപണം നടത്തിയതും കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്‍ ആറുമാസത്തെ ജയില്‍ശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും മജിസ്‌ട്രേറ്റ് 8 മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. "ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനു നേരെ കൈ ഉയര്‍ത്തുന്നതിനുള്ള അവകാശമില്ല." ജഡ്ജ് അലന്‍ ബവര്‍മാന്‍ വിധി ന്യായത്തില്‍ ചൂണ്ടികാട്ടി. മദ്യപിച്ച് വാഹനമോടിച്ച കേസ്സില്‍ നേരത്തെ പിടിക്കപ്പെട്ടിരുന്നതും ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കോടതിയെ പ്രേരിപ്പിച്ചു. വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസ്സിന്റെ അവസാന വിധി ജനുവരി 6 തിങ്കളാഴ്ചയാണ് കോടതി പ്രഖ്യാപിച്ചത്.
Comments