ഒക്ലഹോമ . ഒക്ലഹോമ ഗത്രി ജൂനിയര്‍ ഹൈസ്കൂള്‍ അദ്ധ്യാപികമാരായ ജനിഫര്‍ ബ്രിഗ്സ (24) ഹെതര്‍ വില്‍സന്‍ (27) എന്നിവര്‍ ഒക്ടോബര്‍ 27 തിങ്കളാഴ്ച പെയ്ന്‍ കൌണ്ടിയിലുണ്ടായ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതായി ഒക്കലഹോമ ഹൈവേ പെട്രോള്‍ ട്രൂപ്പര്‍ റാന്‍ഡോള്‍ഫ് അറിയിച്ചു.
അധ്യാപികമാരായി നിയമനം ലഭിച്ച് ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ് ഏഴും, എട്ടും ഗ്രേഡ് ഇംഗ്ലീഷ് അധ്യാപികമാരായ ഇരുവരേയും വിധി തട്ടിയെടുത്തത്.
തിങ്കളാഴ്ച ഇരുവരും ഒന്നിച്ചു 2012 ഫോര്‍ഡ് ഫോക്കസില്‍ സ്കൂളിലേക്ക് വരികയായിരുന്നു. ചോക്ക് ടൌണില്‍ നിന്നും വരികയായിരുന്ന ഡോഡ്ജ് വാനാണ് ഇവരുടെ വാഹനത്തെ ഇടിച്ചു തകര്‍ത്തത്. വാഹനത്തിനകത്തു കുടുങ്ങി പോയ അദ്ധ്യാപികമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി ട്രൂപ്പര്‍ പറഞ്ഞു.
ഡോഡ്ജവാന്‍ ഓടിച്ചിരുന്ന റോക്കി എന്ന മുപ്പത്തിയേഴുകാരന്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെട്ടെന്ന് ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് റോക്കി പൊലീസിനോടു പറഞ്ഞു. മയക്കു മരുന്നിന്‍െറ അംശം രക്തത്തിലുണ്ടായിരുന്നോ എന്നു പരിശോധനാ ഫലം കിട്ടിയതിനുശേഷമേ വ്യക്തമാകു. ഡ്രൈവറുടെ പേരില്‍ കേസെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ല.
ചുരുങ്ങിയ സമയത്തിനുളളില്‍ രണ്ട് അധ്യാപികമാരും വിദ്യാര്‍ഥികളുടെ പ്രശംസ നേടിയെടുത്തിരുന്നുവെന്നും രണ്ടു പേരുടേയും മരണം നടുക്കം ഉളവാക്കുന്നു എന്നും സ്കൂള്‍ സൂപ്രണ്ട് ഡോ. മൈക്ക് സിംപ്സണ്‍ പറഞ്ഞു. സ്റ്റാഫിനേയും വിദ്യാര്‍ഥികളേയും ആശ്വസിപ്പിക്കുന്നതിനു കൌണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയതായി സൂപ്രണ്ട് പറഞ്ഞു. സ്റ്റില്‍വാട്ടറില്‍ താമസിച്ചിരുന്ന അധ്യാപികമാര്‍ കാര്‍പൂളിലായിരുന്നു സ്കൂളിലെത്തിയിരുന്നത്.
Comments