വാഷിംഗ്ടണ്‍ : വാഷിംഗ്ടണ്‍ നാഷ്ണല്‍ കത്തീഡ്രലില്‍ നൂറുകണക്കിന് മുസ്ലീം മതവിശ്വാസികള്‍ ഒത്തുചേര്‍ന്ന് ഖുറാന്‍ പാരായണവും, നമസ്‌ക്കാരവും നടത്തിയത്. കത്തോലിക്ക-മുസ്ലീം മതസൗഹാര്‍ദത്തിന് ഉത്തമ മാതൃകയായി. വെള്ളിയാഴ്ച രാവിലെ നമസ്‌കാരത്തിന് എത്തിചേര്‍ന്ന മുസ്ലീം വിശ്വാസികളെ കത്തിഡ്രല്‍ ഡീന്‍.വെരി.ഗാരി ഹാളും ചുമതലക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ക്രൂശിത രൂപമിരിക്കുന്ന അല്‍ത്താരക്കു മുമ്പില്‍ ഒരു വശത്തായി പുല്‍പായ വിരിച്ചു നമസ്‌ക്കാരത്തിനായി മുസ്ലീം വിശ്വാസികള്‍ മുട്ടുമടക്കി അണിനിരന്നപ്പോള്‍, സമീപം കത്തോലിക്കാ വിശ്വാസികളും കൂപ്പുകൈകളോടെ സ്ഥാനം പിടിച്ചത് ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു. അമേരിക്കയിലെ സൗത്ത് ആഫ്രിക്കന്‍ അംബാസിഡറും, മുസ്ലീം സ്‌ക്കോളുമായ ഇബ്രഹാം റസൂള്‍ മതപ്രഭാഷണം നടത്തി. ഇസ്ലാമിന്റെ പേരില്‍ ചില ഭീകരവാദികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലീം-ക്രിസ്ത്യന്‍ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണമെന്ന് റസൂള്‍ അഭ്യര്‍ത്ഥിച്ചു.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി നേരിടുന്നതിന് ഒരു കൂട്ടം നല്ല ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന മതപ്രഭാഷണം അറബിക്ക് ഭാഷകളിലെ നിരവധി ടെലിവിഷന്‍ ചാനലുകള്‍ തല്‍സമയ പ്രക്ഷേപണം ചെയ്തു. സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ജാതി-മതഭേദമെന്യെ ഏവരും ശ്രമിക്കണമെന്ന് കത്തീഡ്രല്‍ ലിറ്റര്‍ജി ഡയറക്ടര്‍ റവ. കാനല്‍ ജിനാ കാബല്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നിട്ടും നമസ്‌ക്കാരം തടസ്സപെടുത്തുവാന്‍ ശ്രമിച്ച ഒരു വനിതയെ ദേവാലയത്തില്‍ നിന്ന് പുറത്താക്കേണ്ടി വന്നു. വാഷിംഗ്ടണ്‍ ഡി.സി. നാഷ്ണല്‍ കത്തീഡ്രലില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയത്.
Comments