വാഷിംഗ്ടണ്‍ : 2015 വൈറ്റ് ഹൗസ് സയന്‍സ് ഷെയറില്‍ ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥികളായ യുവശാസ്ത്രജ്ഞരുടെ അത്യപൂര്‍വ്വ നേട്ടങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുക്തകണ്ഠം പ്രശംസിച്ചു.മാര്‍ച്ച് 23 വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച സയന്‍സ് ഷെയറില്‍ 30 സംസ്ഥാനങ്ങളില്‍ നിന്നായി നൂറ് യുവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതില്‍ അഞ്ചുപേര്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥികളാണ്.രാവിലെ വൈറ്റ് ഹൗസില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രദര്‍ശനം കാണാന്‍ ഒബാമ ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ആവേശത്തിന് അതിരില്ലായിരുന്നു. ഓരോ മേശയ്ക്കരികിലും ഇരുന്നിരുന്ന വിദ്യാര്‍ത്ഥികള്‍ പ്രസിഡന്റിന് അവരുടെ കണ്ടുപിടുത്തങ്ങളെ വിശദീകരിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പേര് വിളിച്ചാണ് ഒബാമ ഓരോരുത്തരെയായി അഭിനന്ദിച്ചത്.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചു നാപ്പര്‍ വില്ലയില്‍ നിന്നുള്ള തൃഷ പ്രഭുവും(14), ഗ്ലോബല്‍ എനര്‍ജി ക്രൈസിസിനെ കുറിച്ചു പിറ്റ്സ്ബര്‍ഗില്‍ നിന്നുള്ള സഹില്‍ ധോഷിയും(14), ഓണ്‍ലൈന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ സെക്യൂരിറ്റിയെ കുറിച്ചു നിക്കില്‍ സിഹാരിയും(14) ഹൃദയാരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കാം എന്നതിനെ കുറിച്ച് കാലിഫോര്‍ണിയായില്‍ നിന്നുള്ള രുചിപാണ്ഡ്യയും(18), മാരക രോഗങ്ങളെ കംപ്യൂട്ടറുകള്‍ എങ്ങനെ തിരിച്ചറിയും എന്ന വിഷയത്തെകുറിച്ച് അരിസോണയില്‍ നിന്നുള്ള അവിതാ ഗുപ്തയും(17) നടത്തിയ ഗവേഷണങ്ങളാണ് സയന്‍സ് ഫെയറില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ലോകവ്യവസ്ഥിതിയെ സമൂലം മാറ്റിമറിക്കുവാന്‍ കഴിയുന്ന ആശയങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാവരും പ്രത്യേകം ആദരവും, അംഗീകാരവും, അഭിനന്ദനവും അര്‍ഹിക്കുന്നു എന്ന് പ്രസിഡന്റ് പറഞ്ഞു. ഇത്തരം ഗവേഷണങ്ങള്‍ക്കായി 240 മില്യണ്‍ ഡോളര്‍ മാറ്റിവെക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.
Comments