വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി.സിയില്‍ മെയ് 13നു നടന്ന ഇരുപത്തേഴാമത് നാഷണല്‍ ജിയോഗ്രാഫിക് ബി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധിപത്യം. ഒന്നൂം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അസാധാരണ വിജയം കൈവരിച്ചത്. ന്യൂജേഴ്‌സി എഡിസണില്‍ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥി കരണ്‍ മേനോന്‍(14)ഒന്നാം സ്ഥാനം നേടി. 85,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും ജിയോഗ്രാഫിക് സൊസൈറ്റിയില്‍ ആജീവനാന്ത അംഗത്വവും ഒരു വിനോദയാത്രയ്ക്കുള്ള ചെലവും സമ്മാനമായി ലഭിക്കും. മിഷിഗണില്‍ നിന്നുള്ള ശ്രീയ യാര്‍ലഗഡ്ഡ റണ്ണര്‍ അപ്പായി. 25000 ഡോളര്‍ സ്‌കോളര്‍പ്പ് ലഭിക്കും. അര്‍ക്കനാസാസില്‍ നിന്നുള്ള സോജാസ് വാ (13) മൂന്നാം സ്ഥാനം നേടി. 10,000 ഡോളറാണ് സ്‌കോളര്‍ഷിപ്പ്. ഫൈനലില്‍ എത്തിയ പത്തുപേരില്‍ ഏഴു പേരും ഇന്ത്യന്‍ വംശജരായിരുന്നു. ഫൈനലില്‍ എത്തിയ മറ്റുള്ളവര്‍ക്ക് 500 ഡോളര്‍ വീതം ലഭിക്കൂം. അതാത് സംസ്ഥാനങ്ങളില്‍ നിന്നൂം അറ്റ്‌ലാന്റിക് പസഫിക് ടെറിട്ടറികളിലും നിന്നും 11,000 സ്‌കൂളുകളില്‍ നിന്നായി 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക റൗണ്ട് മുതല്‍ മത്സരത്തില്‍ പങ്കെടുത്തു. ഈയിടെ നടന്ന സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബി മത്സരത്തിലും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളാണ് ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയത്.
Comments