ന്യൂയോര്‍ക്ക്: സ്വന്തം മകളെയും കുടുംബത്തെയും തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യാക്കാരന്‍ വയോധികന് ജീവപര്യന്തം ശിക്ഷ. സുഭാഷ് ചന്ദര്‍(ഇപ്പോള്‍ 65) എന്നയാളെയാണ് ഇല്ലിനോയി കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി തോമസ് ബ്രൂവര്‍ ജീവപര്യന്തം തടവിന് വിധിച്ചത്. മെയ് 14-നായിരുന്നു വിധി. 2007, ഡിസംബര്‍ 29 രാത്രി 10:30 മണി. അമേരിക്കയില്‍ ജീവിക്കുന്ന മനുഷ്യത്വമുള്ള ഒരു പ്രവാസി ഇന്ത്യാക്കാരനും മറക്കാന്‍ കഴിയില്ല ആ ഭീകര രാവ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിന്ദ്യമായ ജാതീയ മേല്‍ക്കോയ്മകളുടേയും, വര്‍ണ്ണവിവേചങ്ങളുടെയും, വംശീയ വേര്‍തിരുവുകളുടെയും വിളറിപിടിച്ച ആള്‍രൂപം അന്നു രാത്രിയില്‍ ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഓക്ക് പാര്‍ക്കില്‍ താണ്ഡവമാടി. അത് കൊളുത്തിയ അഗ്നിയില്‍ ഉരുകിയൊലിച്ചത് നാല് ആത്മാക്കള്‍ ആയിരുന്നു.
മകളും കുടുംബവും വിചാരിച്ചു തങ്ങളുടെ പിതാവ് അവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന്. എന്നാല്‍ വെറിപിടിച്ച കുതിരയെപ്പോലെ ഇന്ത്യയില്‍ നിന്ന് കടന്നുവന്ന സുഭാഷ് ചന്ദര്‍(ഇപ്പോള്‍ 65) എന്ന ഈ മുത്തച്ഛന്റെ ഉള്ളില്‍ അതായിരുന്നില്ല ഉദ്ദേശം. തന്റെ സമ്മതമില്ലാതെ ഒരു താണജാതിക്കാരനെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന മകളെയും കുടുംബത്തെയും ഇല്ലാതാക്കുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. അതിനിയാള്‍ നേരത്തെ തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തു. സ്നേഹം നടിച്ച് അന്നുരാത്രി അവരോടൊപ്പം കൂടി. പദ്ധതിയുടെ ഭാഗമായി അന്നുപകല്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ ചെന്ന് ഒരു കന്നാസ് നിറയെ പെട്രോളും സംഘടിപ്പിച്ച് സൂക്ഷിച്ചു. തുടര്‍ന്ന് രാത്രിയില്‍ മകളുടെ കുടുംബത്തോടൊപ്പമിരുന്ന് വയറുനിറയെ അത്താഴവും കഴിച്ചു.
കൊച്ചുമകന് ആദ്യമായി ഒരു മുത്തവും നല്‍കി. പിന്നീട് എല്ലാവരും ഉറക്കമായപ്പോള്‍ ഇയാള്‍ ആ അപ്പാര്‍ട്ട്മെന്റില്‍ പെട്രോള്‍ ഒഴിച്ച് അഗ്നിക്കിരയാക്കി. എന്നിട്ട് വിജയശ്രീലാളിതനായി ഒന്നുമറിയാത്തവനെപ്പോലെ അവിടെ നിന്നും കടന്നുകളഞ്ഞു.
Comments