മുഖ്യ തന്ത്രി കരിയന്തൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മ്മിക്ത്വത്തില്‍ അനേകം ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ വാസ്തു വിധിപ്രകാരം നിര്‍മ്മിച്ച ശ്രീകോവിലില്‍ ശ്രീ ഗുരുവായൂരപ്പന്റെ ചതുര്‍ ബാഹു പ്രതിഷ്ഠ നിശ്ചയിച്ചുറപ്പിച്ച ശുഭ മുഹൂര്‍ത്തത്തില്‍ നടത്തപ്പെട്ടു. മൂന്നു ദിവസത്തെ ജലാധിവാസത്തിനുശേഷം പ്രതിഷ്ഠ, കലശമണ്ഡപത്തിലെ ശയ്യയില്‍ കിടത്തി ചക്രാബ്ജപൂജയും, ധ്വാനാദിവാസവും, ഹോമവും നടത്തി ഘോഷയാത്രയായി ക്ഷേത്രത്തെ പ്രദിക്ഷണം ചെയ്ത് ശ്രീകോവിലേക്ക് ആനയിക്കുകയുണ്ടായി. പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യ സംഘം ഘോഷയാത്രക്ക് മേളകൊഴുപ്പേകി. പ്രതിഷ്ഠാദി കര്‍മ്മങ്ങള്‍ക്കു ശേഷം ദീപാരാധനക്കായി നടതുറന്നപ്പോള്‍ ചന്ദനമുഖകാപ്പില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഭഗവാനെ ദര്‍ശിച്ച് ഭക്തര്‍ സായൂജ്യം നേടി.
Comments