ഒക്ലഹോമ : ടെക്‌സാസിന്റെ വിവിധ കൗണ്ടികളിലും ഒക്ലഹോമയിലും ശക്തമായ ചുഴലിക്കാറ്റിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തിലും മൂന്ന് പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയും തുടര്‍ച്ചയായി പെയ്ത മഴയില്‍ ആയിരത്തോളം വീടുകള്‍ക്ക് നാശം സംഭവിക്കുകയും നൂറോളം വീടുകള്‍ ഒലിച്ചു പോകുകയും ചെയ്തു. ടെക്‌സാസിലെ പ്രധാന രണ്ട് പാലങ്ങള്‍ തകര്‍ന്നു. ടെക്‌സാസ്, സാന്‍മാര്‍ക്കസ്, സാന്റോണിയൊ ഓസ്റ്റിന്‍ എന്നീ സ്ഥലങ്ങളിലാണ് കാര്യമായ നാശനഷ്ടം സംഭവിച്ചത്.
സൗത്ത് വെസ്റ്റ് ഹൂസ്റ്റണില്‍ ഞായറാഴ്ച വൈകിട്ട് 6 മണിയോടെ നൂറ് മൈല്‍ വേഗതയിലാണ് ചുഴലി കൊടുങ്കാറ്റ് നിലം തൊട്ടത്. റോക്ക് പോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലെ മേല്‍ക്കൂര മുഴുവനായും കാറ്റില്‍പെട്ട് തകര്‍ന്നു.
രണ്ട് സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്. 2000 ത്തിലധികം ജനങ്ങള്‍ വീടുകള്‍ വിട്ട് ഓടിപോയതായി സിറ്റി അധികൃതര്‍ പറഞ്ഞു. ക്ലീവ് ലാന്റ് സിറ്റിയിലെ ജനങ്ങളോട് വീട് ഒഴിഞ്ഞു പോകുവാന്‍ ഷെറിഫ് ഓഫീസ് നിര്‍ദ്ദേശം നല്‍കി. ലിറ്റില്‍ റിവര്‍ കരകവിഞ്ഞൊഴുകുവാന്‍ സാധ്യതയുളളതിനാലാണത്. തിങ്കളാഴ്ച രാവിലെയും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിരുന്നു.
Comments