വാഷിംഗ്ടണ്‍ ഡി.സി.:പുരുഷനും, പുരുഷനുമായോ, സ്ത്രീയും, സ്ത്രീയുമായോ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക എന്നത് അമേരിക്കന്‍ ഭരണഘടനാ പൗരന് അനുവദിച്ചിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ടതാണെന്നും, അതിനര്‍ഹിക്കുന്ന അംഗീകാരവും, സംരക്ഷണവും നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനത്തെ അമേരിക്കയുടെ വിജയമെന്നാണ്(Victory for America) പ്രസിഡന്റ് ഒബാമ വിശേഷിപ്പിച്ചത്.
അമേരിക്കയിലെ മുപ്പത്തിആറ് സംസ്ഥാനങ്ങളും ഡിസ്ട്രിക്ക്റ്റ് ഓഫ് കൊളബിയായും സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചുകൊണ്ടു നിയമനിര്‍മ്മാണം നേരത്തെതന്നെ നടത്തിയിട്ടുണ്ട്. ടെക്സ് ഉള്‍പ്പെടെ പതിമൂന്ന് സംസ്ഥാനങ്ങളാണ് സ്വവര്‍ഗ്ഗ വിവാഹം നിയമവിരുദ്ധമാക്കി കൊണ്ടുള്ള നിയമം പാസ്സാക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ഈ വിധി പ്രഖ്യാപനത്തോടെ അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളും സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
യു.എസ്. സുപ്രീം കോടതിയുടെ ഒമ്പതംഗങ്ങളില്‍ ഭൂരിപക്ഷ ജഡ്ജിമാരുടെ തീരുമാനം അമേരിക്കയിലെ 320 മില്യണ്‍ ജനങ്ങളും അംഗീകരിക്കേണ്ട അവസ്ഥയാണ്. അഞ്ച് ജഡ്ജിമാരാണ് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയത്. നാലു ജഡ്ജിമാര്‍ ശക്തമായ വിയോജനകുറിപ്പ് രേഖപ്പെടുത്തി.
'അമേരിക്കന്‍ ജനാധിപത്യത്തിന് ഭീഷിണിയാണ് ഈ വിധി പ്രഖ്യാപനമെന്ന്' വിയോജനകുറിപ്പെഴുതിയ ജഡ്ജിമാരില്‍ ഒരാളായ ആന്റൊനില് സ്കാലിയ(ANTONIN SCALIA) അഭിപ്രായപ്പെട്ടു.
രണ്ടു പ്രധാന വിഷയങ്ങളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി എത്തിയത്. അമേരിക്കന്‍ ഭരണഘടന പതിനാലാം ഭേദഗതി ഉറപ്പു നല്കുന്ന തുല്യസംരക്ഷണം പൗരന്മാര്ക്ക് ലഭിക്കുന്നതിന് സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന് നിര്‍ബന്ധിക്കുകയോ, അല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ വിവാഹിതരാകുന്ന സ്വവര്‍ഗ്ഗാനുരാഗികളെ അംഗീകരിക്കുവാന്‍ പതിമൂന്ന് സംസ്ഥാനങ്ങള്‍ തയ്യാറാകുകയോ വേണമെന്നതായിരുന്നു. ഇതില്‍ ആദ്യതീരുമാനത്തിനാണ് ഭൂരിപക്ഷം ജഡ്ജിമാരും പിന്തുണച്ചത്.
വിധി പ്രഖ്യാപനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും രാഷ്ട്രീയ മതനേതാക്കന്മാര് രംഗത്തെത്തിയിട്ടുണ്ട്.
Comments