ഡാളസ് : ഇര്‍വിങ്ങ് മക്കാര്‍തര്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ സ്വമ്മിങ്ങ് പൂളില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സംഭവം നടന്നത് കഴിഞ്ഞ വാരാന്ത്യമാണ്. മൂന്നും, നാലും, ഒമ്പതും, പത്തും പതിനൊന്നും വയസ്സുള്ള അഞ്ചുകുട്ടികളുമൊത്ത് നീന്തല്‍ കുളത്തില്‍ മാതാവ് കളിക്കുകയായിരുന്നു. ചെറിയ രണ്ടു കുട്ടികളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു മാതാവ് പുറകില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തിരിഞ്ഞു നോക്കിയപ്പോള്‍ മൂന്നുപേരും വെള്ളത്തില്‍ താഴ്ന്ന പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ സഹായത്തിനായി നിലവിളിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന രക്ഷാപ്രവര്‍ത്തകര്‍ മൂന്നുപേരേയും വെള്ളത്തില്‍ നിന്നും പുറത്തെടുത്തു. അതിനിടെ 10 വയസ്സുക്കാരി ആഗസ്റ്റ് സ്മിത്ത് മരിച്ചിരുന്നു. 10 ഉം 11 ഉം വയസ്സുള്ള രണ്ടു ആണ്‍കുട്ടികളെ ഉടനെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചു. ലൈഫ് സപ്പോര്‍ട്ടില്‍ കഴിഞ്ഞിരുന്ന രണ്ടു ആണ്‍കുട്ടികളും മരിച്ചതായി ഇന്ന്(തിങ്കളാഴ്ച) ഇര്‍വിങ്ങ് പോലീസ് മാധ്യമങ്ങളെ അറിയിച്ചു.
മാതാവിനോ, അഞ്ചുകുട്ടികള്‍ക്കോ നീന്തല്‍ അറിയാമായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
മരണം ഒരു അപകടമായി കരുതുന്നുണ്ടെങ്കിലും, കൂടുതല്‍ തെളിവുകള്‍ക്കായി കേസ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയെ ഏല്‍പിക്കുമെന്നും പോലീസ് പറഞ്ഞു. ടെക്‌സസ്സില്‍ അപകടനില ഉയര്‍ന്നതോടെ നീന്തല്‍കുളത്തില്‍ പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, മാതാപിതാക്കള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments