മിസ്സൗറി : മാരകമായ വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് അമേരിക്കയില്‍ നിലവിലുള്ള ഭരണഘടനയ്ക്ക് വിരുദ്ധമല്ലെന്നും, അസാധാരണമോ, ക്രൂരമായതോ അല്ലെന്നും ജൂണ്‍ 29ന് യു.എസ്. സുപ്രീം കോടതിയുടെ വിധി പ്രഖ്യാപിച്ചതിനുശേഷം അമേരിക്കയില്‍ വിഷ മിശ്രിതം ഉപയോഗിച്ചുള്ള ആദ്യ വധശിക്ഷ മിസ്സൗറിയില്‍ ജൂലായ് 14 ചൊവ്വാഴ്ച വൈകീട്ട് നടപ്പാക്കി.
2001 ല്‍ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പത്തൊമ്പത് വയസ്സുക്കാരി അമാന്‍ഡ മോര്‍ട്ടനെ കഴുത്തു ഞരിച്ചും കുത്തിയും കൊലപ്പെടുത്തിയ ഡേവിഡ് സിങ്കിന്റെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്.
സിങ്കി അറ്റോര്‍ണിമാര്‍ സമര്‍പ്പിച്ച പല അപ്പീലുകളും തള്ളിയാണ് വധശിക്ഷ നടപ്പാക്കുന്നതിന് കോടതി അനുമതി നല്‍കിയത്.
ഈ വര്‍ഷം മിസ്സൗറിയില്‍ നടപ്പാക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്.
വാഹനാപകടത്തിനുശേഷം അമാന്‍ഡയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷമാണ് വധിച്ചതെന്ന് സിങ്ക് കുറ്റസമ്മതം നടത്തിയിരുന്നു.
ഒക്കലഹോമയില്‍ വിഷ മിശ്രിതം കുത്തിവെച്ചു നടത്തിയ വധശിക്ഷ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേശീയാടിസ്ഥാനത്തില്‍ ഇതിനെതിരെ വലിയ പ്രതിഷേധവും, ചര്‍ച്ചകളും നടന്നിരുന്നു. സുപ്രീം കോടതി വിധിയോടെ വിഷമിശ്രിതം കുത്തിവെച്ചുള്ള വധശിക്ഷക്ക് വീണ്ടും അനുമതി ലഭിച്ചിരിക്കുകയാണ്.
Comments