ന്യൂയോര്‍ക്ക് ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ കുറഞ്ഞ വേതനം മണിക്കൂരിനു 15 ഡോളര്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, July 23, 2015 10:34 hrs UTC
ന്യൂയോര്‍ക്ക് : വേതന വര്‍ദ്ധനവിനായി കഴിഞ്ഞ നാലുവര്‍ഷം ന്യൂയോര്‍ക്കിലെ ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ നടത്തിയ സമരത്തിന് ഇന്ന് (ബുധനാഴ്ച) പരിഹാരമായി.
ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമൊ വേതന വര്‍ദ്ധനവിനെകുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമിച്ച പാനല്‍, ജീവനക്കാരുടെ കുറഞ്ഞ വേതനം മണിക്കൂറിന് 15 ഡോളറാക്കി ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യം ന്യൂയോര്‍ക്ക് സിറ്റിയിലും തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവനും ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ കുറഞ്ഞ വേതനം 15 ഡോളറായി ഉയര്‍ത്തുമെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
ജീവനക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേതനവര്‍ദ്ധനവ് ഉപകരിക്കുമെന്ന് പാനലിന്റെ ശുപാര്‍ശയെ കുറിച്ചു പരാമര്‍ശിക്കവെ ഗവര്‍ണ്ണര്‍ പറഞ്ഞു.
ഇപ്പോള്‍ ജീവനക്കാരുടെ വേതനം 8.75 ഡോളറാണ്. 15 ഡോളറാക്കുന്നതോടെ 75 ശതമാനമാണ് വര്‍ദ്ധിക്കുന്നത്.
വേതനവര്‍ദ്ധനവ് ജീവനക്കാരുടെ ചിരക്കാല സ്വപ്‌നമായിരുന്നുവെന്നും, ഇന്നത്തെ തീരുമാനത്തോടെ അതു സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്ക് വര്‍ക്കിങ്ങ് ഫാമിലീസ് പാര്‍ട്ടി ഡയറക്ടര്‍ ബില്‍ ലിപ്‌റെന്‍ അവകാശപ്പെട്ടു.
സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്‌ക്കൊ, ലോസ് ആഞ്ചലസ് തുടങ്ങിയ സിറ്റികളില്‍ മിനിമം വേതനം 15 ഡോളറായി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്. 2018 ല്‍ ന്യൂയോര്‍ക്കിലും, 2021 ല്‍ സംസ്ഥാനത്താകമാനവും വേതനവര്‍ദ്ധനവ് നടപ്പാക്കുമെന്ന് വെയ്ജ് ബോര്‍ഡ് വ്യക്തമാക്കി.
Comments