You are Here : Home / Readers Choice

സ്ത്രീകളുടെ വയാഗ്ര വിപണിയിലേക്ക്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, August 20, 2015 10:23 hrs UTC

ന്യൂയോര്‍ക്ക്:
ലൈംഗികവിപണിയില്‍ പുതിയ നാഴികക്കല്ല് ഉയര്‍ത്തിക്കൊണ്ട് സ്‌ത്രൈണരതിയുടെ വൈകാരികത നിലനിര്‍ത്താന്‍ ഉതകുന്ന പുതിയ മരുന്ന് വിപണിയിലേക്ക്. ഗുളിക രൂപത്തില്‍ നിത്യേന കഴിക്കാവുന്ന ഇതിന് 'ആഢ്യ' എന്നാണ് പേര്. ഫീമെയില്‍ വയാഗ്ര എന്ന പേരില്‍ പൊതുവായി അറിയപ്പെടുന്ന ഗുളികയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി. പുരുഷ വയാഗ്രയോട് അടുത്തു നില്‍ക്കുന്ന ലൈംഗിക ഉത്തേജനം നല്‍കാന്‍ പുതിയ മരുന്നിനു കഴിയുമെന്നാണ് സൂചന. മുന്‍പ് തലവണയും മരുന്ന് വിണപിയിലിറക്കാന്‍ അംഗീകാരത്തിന് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഫീമെയില്‍ വയാഗ്ര എന്ന പേരില്‍ അറിയപ്പെടുന്ന ഫഌബാന്‍സെരിന്‍ (100 എംജി) എന്ന മരുന്നിനാണ് അംഗീകാരം. പുരുഷന്മാര്‍ക്ക് ലൈംഗിക ഉത്തേനത്തില്‍ ലഭിക്കുന്ന സമത്വത്തിന് സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന വാദത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

സെക്‌സിനു മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം കഴിക്കാവുന്ന രീതിയിലല്ല ഇത് വികസിപ്പിച്ചിരിക്കുന്നത്. ആഴ്ചകളും മാസങ്ങളും നിത്യേന കഴിക്കുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ ഫലം ലഭിച്ചു തുടങ്ങുകയെന്ന് എഫ്ഡിഎ ഡ്രഗ് സെന്റര്‍ ഡയറക്ടര്‍ ഡോ. ജാനറ്റ് വുഡ്‌കോക്ക് വെളിപ്പെടുത്തി. 20 മുതല്‍ 49 വയസ്സു വരെ പ്രായമുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഫീമെയില്‍ വയാഗ്ര എത്തുന്നത്. 5.5 ദശലക്ഷം മുതല്‍ 8.6 ദശലക്ഷം വരെയുള്ള യുഎസിലെ സ്ത്രീകള്‍ക്ക് ഫീമെയില്‍ വയാഗ്ര വില്‍ക്കാന്‍ കഴിയുമെന്നാണ് വിപണി നല്‍കുന്ന സൂചന. വിഷാദരോഗം ബാധിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറെയും ലഭിക്കാന്‍ പോകുന്നതെന്ന് ഫീമെയില്‍ വയാഗ്ര ആദ്യമായി വിപണിയിലെത്തിക്കുന്ന സ്പ്രൗട്ട് ഫാര്‍മസ്യൂട്ടിക്കല്‍സ് സിഇഒ സിന്‍ഡി വൈറ്റ്‌ഹെഡ് വ്യക്തമാക്കി. സ്ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ബോധവാന്മാരാക്കുകയും അവരിലൂടെ മരുന്ന് വിറ്റഴിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ടിവി പരസ്യങ്ങള്‍ ഒന്നും തന്നെ പ്രാഥമിക ഘട്ടത്തില്‍ ഉണ്ടാവുകയില്ല. ആകെയുള്ളത് 200 മെഡിക്കല്‍ റെപ്രസെന്റീറ്റുവുകള്‍ മാത്രം.

ആര്‍ത്തവ വിരാമം എത്താത്ത ലൈംഗിക താത്പര്യം നഷ്ടപ്പെട്ട് വിഷാദവിവശകളായ സ്ത്രീകളെയാണ് ഗുളിക ലക്ഷ്യമിടുന്നത്. മറ്റു രോഗങ്ങളില്ലാത്ത കൗമാരം പ്രായം വിടുന്ന യുവതികളായ സ്ത്രീകള്‍ക്കായിരിക്കും സെക്‌സ് ഡോക്ടര്‍മാര്‍ ഫീമെയില്‍ വയാഗ്ര നിര്‍ദ്ദേശിക്കുന്നത്. ഹോര്‍മോണ്‍ ഇതര ഏജന്റായാണ് ഫീമെയില്‍ വയാഗ്രയുടെ പ്രവര്‍ത്തനം. ഹൈപ്പോ ആക്ടീവ് സെക്ഷ്വല്‍ ഡിസോഡര്‍ എന്ന അവസ്ഥയിലുള്ള സ്ത്രീകളുടെ തലച്ചോറിലെ നാഡീ വ്യൂഹത്തിലാണ് മരുന്നിന്റെ പ്രവര്‍ത്തനം. നീണ്ടു നില്‍ക്കുന്ന ലൈംഗിക സംതൃപ്തിയല്ല, മറിച്ച് ലൈംഗികമായ ഉത്തേജനമാണ് ഫീമെയില്‍ വയാഗ്ര നല്‍കുകയെന്നാണ് സൂചന.

മയക്കത്തിനും, രക്ത സമ്മര്‍ദ്ദം താഴുന്നതിനും ക്ഷീണത്തിനുമൊക്കെ ഫീമെയില്‍ വയാഗ്രയുടെ ഉപയോഗം കാരണമാകും. പുരുഷന്മാരുടെ വയാഗ്ര പ്രധാനമായും ഇതര രോഗങ്ങളുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. പുരുഷന്മാരിലെ ലൈംഗിക ഉദ്ധാരണശേഷിക്കുറവു പരിഹരിക്കാനുള്ള മരുന്ന് എന്ന നിലയിലാണ് വയാഗ്ര വിപണി പിടിച്ചതെങ്കില്‍ സ്ത്രീകള്‍ ഇത് എത്രമാത്രം സ്വീകരിക്കുമെന്ന് കണ്ടറിയണം.

ആര്‍ത്തവ- സ്‌ത്രൈണരോഗങ്ങളെ ഉയര്‍ത്തുന്ന വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഫീമെയില്‍ വയാഗ്ര സൃഷ്ടിച്ചേക്കുമെന്ന ആശങ്കയെത്തുടര്‍ന്നായിരുന്നു മുന്‍പ് ഇതിന് അനുവാദം നല്‍കാതിരുന്നത്. എന്നാല്‍ ഇത്തരം റിയാക്ഷനുകളൊന്നും പുതിയ മരുന്നില്‍ ഉണ്ടാവില്ലെന്നും സംതൃപ്തി ദായകമായ കുടുംബജീവിതം നയിക്കാന്‍ മരുന്നു സഹായകരമാണെന്നുമാണ് കമ്പനിയുടെ വാഗ്ദാനം. വീര്യം, ഊര്‍ജം എന്നൊക്കെ അര്‍ഥമുള്ള വിഗര്‍, കുതിച്ചു ചാടുന്ന വെള്ളച്ചാട്ടമായ നയാഗ്ര എന്നീ വാക്കുകളില്‍ നിന്നാണ് വയാഗ്ര എന്ന മരുന്നിന് പേരു വീണത്. സില്‍ഡനഫില്‍ സിട്രേറ്റ് എന്നാണ് ഈ മരുന്നിന്റെ രാസനാമം.
ഒട്ടേറെ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മാത്രമേ ഫീമെയില്‍ വയാഗ്ര ഉപയോഗിക്കാവൂ എന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശിക്കുന്നു. പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരും ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുളളവരും ഫീമെയില്‍ വയാഗ്ര കഴിക്കരുത്. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഹൃദ്രോഗവിദഗ്ധന്‍ ഉറപ്പു നല്‍കിയ ശേഷമേ ഇതു കഴിക്കാവൂ. ആരോഗ്യസ്ഥിതിയും ആവശ്യകതയും മനസിലാക്കി വേണം ഡോസ് നിശ്ചയിക്കാന്‍. മരുന്ന് ഓവര്‍ഡോസ് കഴിക്കുന്നതു ഏറെ അപകടകരമാണ്. സൈക്യാട്രിസ്റ്റിന്റെയോ യൂറോളജിസ്റ്റിന്റെയോ എന്‍ഡോക്രൈനോളജിസ്റ്റിന്റെയോ കുറിപ്പ്് ഇല്ലാതെ ഫീമെയില്‍ വയാഗ്ര വില്‍ക്കരുതെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുശാസിക്കുന്നു.

ഏറെ പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണ് ഫീമെയില്‍ വയാഗ്ര ഗുളികകള്‍. ഓരോരുത്തരുടെ ശരീര പ്രകൃതിയോട് ഈ മരുന്നുകള്‍ പ്രതികരിക്കുന്നത് പല വിധത്തിലാകും. പുരുഷ വയാഗ്ര സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കേള്‍വി ശക്തി കുറയുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഒട്ടേറെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും ഇത്തരം മരുന്നുകള്‍ കഴിക്കുന്നവരുടെ തിരക്ക് കൂടി വരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.