ചിക്കാഗൊ : കഴിഞ്ഞ 28 വര്‍ഷമായി ഞാന്‍ അമേരിക്കയില്‍ താമസിക്കുന്നു. എനിക്കു നേരെ വംശീയതയുടെ പേരില്‍ അക്രമണം ഉണ്ടാകുമെന്നു ഒരിക്കല്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. മുഖത്തു നിന്നും തെറിച്ച രക്തം ശരീരത്തിലൂടെ ഒഴുകിയപ്പോള്‍ ഉണ്ടായ വേദനയേക്കാള്‍ എന്റെ മനസ്സിനെ അസ്വസ്ഥമാക്കിയത് ഈ ഒരു ചിന്തയായിരുന്നു. സെപ്റ്റംബര്‍ 9ന് വാഹനം തടഞ്ഞു നിര്‍ത്തി അക്രമിക്കപ്പെട്ട ഇന്ദ്രജിത് സിങ്ങ് പറഞ്ഞു.
വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള ഗ്രോസറി കടയിലേക്ക് കാറില്‍ പോകുകയായിരുന്നു സിങ്ങ്. കാറിനു പുറകില്‍ മറ്റൊരു വാഹനം ഓടിച്ചു വന്നിരുന്ന യുവാവ് സിങ്ങിന്റെ കാറിനെ അതിവേഗം മറികടന്ന് വാഹനം നിറുത്തി. തുടര്‍ന്നായിരുന്നു സിങ്ങിന് നേരെ അക്രമണം അഴിച്ചു വിട്ടത്. ബോധരഹിതനാകുന്നതുവരെ മുഖത്തു ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് ആരോ പോലീസിനെ അറിയിച്ചു. അവര്‍ എത്തിയാണ് സിങ്ങിനെ ആശുപത്രിയില്‍ എത്തിച്ചത്.
17 വയസ്സുള്ള ഒരു യുവാവാണ് അക്രമിച്ചതെന്ന് ഡാറിയന്‍ പോലീസ് ചീഫ് ഏണസ്റ്റ് ബ്രൗണ്‍ പറഞ്ഞു. ധാരാളം ഇന്ത്യക്കാര്‍ താമസിക്കുന്ന സിറ്റിയാണ് ഡാറയല്‍. ഇതിനു മുമ്പ് 'ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല' ചീഫ് പറഞ്ഞു. സിങ്ങിന് നേരെ നടന്ന അക്രമണത്തില്‍ സിക്ക് സംഘടനകള്‍ പ്രതിഷേധിച്ചു. 9/11 നുശേഷം സിക്കുകാര്‍ക്കെതിരെ നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടായതായി സംഘടന നേതാക്കള്‍ ആരോപിച്ചു.
Comments