You are Here : Home / Readers Choice

സാല്‍വേഷന്‍ ആര്‍മി സംഭാവന ബാസ്‌കറ്റില്‍ നിക്ഷേപിച്ചത് 500,000 ഡോളര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 01, 2015 12:14 hrs UTC

മിനായാപോലീസ്: കഴിഞ്ഞ വാരാന്ത്യം മിനിയാപോലീസിലുള്ള ഒരു ഗ്രോഗറികടയുടെ മുന്‍വശം സംഭാവനയ്ക്കായി നിന്നിരുന്ന സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകരുടെ ബാസ്‌കറ്റില്‍ പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ദമ്പതിമാര്‍ നിക്ഷേപിച്ചത് 500,000 ഡോളറിന്റെ ചെക്ക്! സാല്‍വേഷന്‍ ആര്‍മി അധികൃതര്‍ ഇന്ന്(നവം.30ന്)(തിങ്കള്‍) വെളിപ്പെടുത്തിയതാണ് ഈ വിവരം. ചെക്ക് ബാങ്കില്‍ നിക്ഷേപിച്ചതായും ഇവര്‍ പറഞ്ഞു. ഇത്രയും വലിയൊരു സംഖ്യ സംഭാവനയായി ആദ്യമായാണ് ഈ ഇരട്ട നഗരങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് സാല്‍വേഷന്‍ ആര്‍മി വക്താവ് ജൂലി ബോര്‍ഗന്‍ പറഞ്ഞു. ഇതുവരെ ലഭിച്ച ഏറ്റവും വലിയ സംഖ്യ 25,000 ഡോളറാണ്. സാമൂഹ്യ സേവനരംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന സാല്‍വേഷന്‍ ആര്‍മി, പാതയോരങ്ങളിലും, ഗ്രോസറി കടകളുടെ മുമ്പിലും സംഭാവനയ്ക്കായി നില്‍ക്കുമ്പോള്‍ കണ്ടും, കാണാതേയും കടന്നു പോകുന്നവര്‍ക്ക് പ്രചോദനകരമായിരിക്കും ഇവരുടെ മാതൃകയെന്നും ജൂലി കൂട്ടിചേര്‍ത്തു. ഗ്രോസറികടയില്‍ നിന്നും ഉപേക്ഷിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ ശേഖരിച്ചു വിതരണം ചെയ്തിരുന്നതിനെ ആശ്രയിക്കേണ്ട ഒരു കാലം ഞങ്ങളുടെ വിവാഹജീവിതത്തിന്റെ ആരംഭകാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ ഞങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ദമ്പതികള്‍ പറഞ്ഞതായി സാല്‍വേഷന്‍ ആര്‍മി അധികൃതര്‍ പറഞ്ഞു. ഒന്നാം ലോക മഹായുദ്ധം നടക്കുമ്പോള്‍ യുദ്ധമേഖലകളില്‍ സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ കോഫിയും, ഡോണറും വിതരണം ചെയ്തതിനെ നന്ദിയോടെ സ്മരിക്കുന്നതായും ദമ്പതിമാര്‍ പറഞ്ഞു. ചെക്ക് നിക്ഷേപിച്ചത് മിനിസോട്ട, റോസ്‌മോണ്ടിലുള്ള ഗ്രോസറി കടയുടെ മുമ്പിലാണെന്നും, എന്നാല്‍ ദമ്പതിമാര്‍ ഇവിടെ നിന്നുള്ളവരെല്ലെന്ന് സാല്‍വേഷന്‍ ആര്‍മി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.