ന്യൂജേഴ്‌സി: ഇന്ത്യയിലെ വിധവകളായ 200 സ്ത്രീകള്‍ക്ക് തുന്നല്‍ മിഷനുകള്‍ സംഘടിപ്പിച്ചു വിതരണം ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി രുചിത സഫര്‍സായെ(18)(Ruchita Zaperda) 2015 നിക്കളോഡിയന്‍ അവാര്‍ഡ് നല്‍കി. രുചിത ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികളുടെ ബഹുമാനാര്‍ത്ഥം നിക്കളോഡിയന്‍ നെറ്റ് വര്‍ക്കിലൂടെ നവം.29ന് പ്രക്ഷേപണം ചെയ്ത കോണ്‍സര്‍ട്ടിനോടനുബന്ധിച്ചാണ് അവാര്‍ഡ് വിതരണചടങ്ങ് നിര്‍വ്വഹിച്ചത്. വെര്‍ജീനിയായില്‍നിന്നുള്ള ഈതന്‍, കാലിഫോര്‍ണിയായില്‍ നിന്നുള്ള റെയ്‌ലി, ജോഷ്വവ വില്ലയംസ്(ഫ്‌ളോറിഡ) എന്നിവരാണ് മറ്റു മൂന്നുപേര്‍. ന്യൂജേഴ്‌സി പ്രിസ്റ്റണ്‍ ഡെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ രുചിതയുടെ Sew A future project നാണ് അവാര്‍ഡ് ലഭിച്ചത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വിധവയായ സ്ത്രീകള്‍ അനുഭവിക്കുന്ന ജീവിത ക്ലേശങ്ങള്‍ നേരിട്ടു ബോധ്യപ്പെട്ട രുചിത അമേരിക്കയില്‍ മടങ്ങിവന്ന് ഇവരെ സഹായിക്കുന്നതിന് ഫണ്ട് റെയ്‌സിങ്ങ് പരിപാടി ആസൂത്രണം ചെയ്തു. മുപ്പതു സംസ്ഥാനങ്ങളിലെ അമ്പത്തിയേഴ് സ്‌ക്കൂളുകളില്‍ നിന്നുള്ള 1500 വിദ്യാര്‍ത്ഥികള്‍ നല്‍കിയ സംഭാവന ഉപയോഗിച്ചാണ് ഇന്ത്യയിലെ പാവപ്പെട്ട 200 കുടുംബങ്ങള്‍ക്ക് തുന്നല്‍ മിഷന്‍ വിതരണം ചെയ്തത്. ദൈനംദിന ജീവിതസമ്പാദനത്തിന് പാടുപെടുന്ന സഹോദരങ്ങളെ സഹായിക്കുവാന്‍ നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും, സഹായധനത്തിന്റെ വലിപ്പചെറുപ്പത്തെകുറിച്ചു ആകുലപ്പെടേണ്ടതില്ലെന്ന് അവാര്‍ഡ് ലഭിച്ചതിനെ കുറിച്ചു നവം.22ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ രുചിത പറയുന്നു. സമൂഹത്തിന് അസാധാരണ സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്നതിന് 7 വര്‍ഷം മുമ്പാണ് നിക്കളോഡിയല്‍ ഹലൊ അവാര്‍ഡ് സ്ഥാപിച്ചത്.
Comments