ഡന്റന്‍: കയ്യില്‍ ചുറ്റികയുമായി ഞായറാഴ്ച രാവിലെ പുറത്തിറങ്ങിയ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് സോഫമോര്‍ വിദ്യാര്‍ത്ഥി റയന്‍ മക്ക്മില്ലന്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആരോ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുന്നു എന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ക്യാമ്പസ് പോലീസ് സ്ഥലത്തെത്തിയത്. കയ്യില്‍ ചുറ്റികയുമായി നടന്നു നീങ്ങുന്ന വിദ്യാര്‍ത്ഥിയെ കണ്ടയുടന്‍ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ വിദ്യാര്‍ത്ഥിയെ ഡന്റന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും താമസിയാതെ മരണപ്പെട്ടു. വെതര്‍ഫോര്‍ഡ് കോളേജില്‍ നിന്നും പ്രി. ഹോസ്പിറ്റാലിറ്റി പഠനത്തിനായിട്ടാണ് റയന്‍ യു.എന്‍.ടിയില്‍ ഈ വര്‍ഷമാദ്യം ചേര്‍ന്നത്. ഞായറാഴ്ച റയന്റെ ഇരുപത്തി ഒന്നാം ജന്മദിനമായിരുന്നു. പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു റയന്‍. രാത്രിയില്‍ നല്ലപോലെ മദ്യപിച്ചിരിക്കാമെന്നു, മദ്യലഹരി വിട്ടകലുന്നതിനു മുമ്പ് പുറത്തിറങ്ങിയതായിരിക്കും ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും റയന്റെ ഹൈസ്‌കൂള്‍ ടെന്നീസ് ടീമില്‍ അംഗമായിരുന്ന ലിന്‍ഡ്‌സിനോര്‍മന്‍ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. വിദ്യാര്‍ത്ഥിയെ വെടിവെച്ച പോലീസ് ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്റീവ് ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചു. ടെക്‌സസ് റെയഞ്ചേഴ്‌സും, ഡെന്റന്‍ പോലീസും സംഭവത്തെകുറിച്ചു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments