സൗത്ത് കരോലിന∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിത്വത്തിനു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്ന സൗത്ത് കരോലിനാ സെനറ്റർ ലിൻഡ്സി ഗ്രാം പിന്മാറുന്നതായി ടെലിവിഷൻ ചാനലിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 20 ന് സൗത്ത് കരോലിനായിൽ നടക്കാനിരിക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ പേർ ചേർക്കേണ്ട അവസാന ദിവസമായ ഇന്നാണ് ഗ്രാമിന്റെ പിന്മാറ്റ പ്രഖ്യാപനം. സ്വന്തം സംസ്ഥാനത്തു പോലും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതാണ് പിന്മാറുന്നതിന് ഗ്രാമിനെ പ്രേരിപ്പിച്ചത്. 204 ദിവസം നീണ്ടു നിന്ന പ്രചാരണത്തിനാണ് ഇന്ന് തിരശീല വീണത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളിൽ മത്സര രംഗത്തു നിന്നും പിന്മാറുന്ന നാലാമത്തെ സ്ഥാനാർത്ഥിയാണ് ഗ്രാം. ടെക്സാസ് ഗവർണർ റിക്ക് പെറി, വിൻഡ് കോസിൻ ഗവ. സ്കോട്ട് വാക്കർ, ലൂസിയാന ഗവർണരും ഇന്ത്യൻ വംശജനുമായ ബോബി ജിൻഡാൾ എന്നിവരാണ് മറ്റ് മൂന്ന് പേർ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തനായ നേതാവും അരിസോണ സെനറ്റുമായ ജോൺ മെക്കയ്സിന്റെ എൻഡോഴ്സ്മെന്റ് ഗ്രാമിന് ലഭിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഡൊണാൾഡ് ട്രംമ്പിന്റെ നിലപാടുകൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രചരണം അവസാനിപ്പിച്ചുകൊണ്ട് ഗ്രാം നടത്തിയ പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. ഡൊണാൾഡ് ട്രമ്പ്, ടെസ് ക്രൂസ്, ബെൻ കാർസൻ എന്നിവരാണ് അവസാന റൗണ്ടിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിത്വത്തിന് വേണ്ടി പോരാടുക.
Comments