ഒക്കലഹോമസിറ്റി∙ ഒക്കലഹോമസിറ്റി പാർക്കുകളിലും സിറ്റിയുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളുടെ അകത്തും പുറത്തും പുകവലി കർശനമായി നിരോധിച്ചുകൊണ്ടുളള ഓർഡിനൻസ് ഡിസംബർ 22 ചൊവ്വാഴ്ച ചേർന്ന സിറ്റി കൗൺസിൽ വോട്ടിനിട്ട് പാസ്സാക്കി. പാർക്കുകളുടെ സൈഡ് വാക്കുകളും സമീപ സ്ഥലങ്ങളും നിരോധന പരിധിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും സിറ്റി ഗോൾഫ് കോഴ്സ്, സ്ട്രീറ്റുകൾ തുടങ്ങിയവയെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നവംബർ 24 ന് സിറ്റി കൗൺസിൽ മീറ്റിങ്ങിൽ അവതരിപ്പിക്കപ്പെട്ട ഓർഡിനൻസ് ഡിസംബർ 8 ന് പബ്ലിക്ക് ഹിയറിങ്ങുനുശേഷമാണ് ഇന്ന് ചേർന്ന സിറ്റി കൗൺസിൽ ഓർഡിനൻസായി പുറത്തിറക്കിയത്. അമേരിക്കയിൽ ശ്വാസകോശ അർബുദ രോഗം മൂലം മരണ മടയുന്നവരുടെ കണക്കുകൾ പരിശോധിച്ചതിൽ പുകവലി നിർണ്ണായക പങ്കു വഹിക്കുന്നതായി കണ്ടെത്തിയിരുന്നു. പുകവലിക്കുന്നവരെ മാത്രമല്ല. പുകശ്വസിക്കുന്ന മറ്റുളളവർക്കു കൂടി കാൻസർ രോഗം ഉണ്ടാക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അടുത്തവർഷം ഫെബ്രുവരി മുതൽ നിയമം കർശനമായും നടപ്പാക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തുന്നതിനുളള നടപടികളും സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു. വാർത്ത ∙ പി. പി. ചെറിയാൻ
Comments