യുട്ട: അഞ്ചു വര്‍ഷമായി അന്വേഷിച്ചു വരുന്ന വെടിവെപ്പ് കേസ്സിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ലാന്‍സ് ലിറോയ് അര്ലേനൊയുടെ(40) അസ്ഥികൂടം യൂട്ടായിലെ ഒരു ഗുഹയില്‍ നിന്നും വ്യാഴാഴ്ച കണ്ടെത്തിയതായി പോലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഗവേഷണം നടത്തിയിരുന്ന ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് ഗുഹയില്‍ അസ്ഥിപജ്ഞരവും, സമീപത്തെ ബാഗിലുണ്ടായിരുന്ന ഹാന്‍ഡ് ഗണ്ണും, വെടിയുണ്ടകളും ബൈനാക്കുലേഴ്സും കണ്ടെത്തിയത്. 2010 നവം.19ന് ബ്രോഡി യങ്ങ് എന്ന യുവാവിനു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടതായിരുന്നു ലാന്‍സ് ലിറോയ്. വെടിയേറ്റ യങ്ങ് തിരിച്ചും വെടിവെച്ചിരുന്നു. വെടിയേറ്റ ലാന്‍സ് ഗുഹയില്‍ കിടന്ന് മരിച്ചതാകാം എന്നാണ് പോലീസ് നല്കുന്ന വ്യാഖ്യാനം. സംഭവത്തിനുശേഷം നൂറുകണക്കിന് പോലീസ് ദിവസങ്ങളോളം ഗുഹകളിലും, മലയടിവാരങ്ങളിലും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. വെടിയേറ്റ യങ്ങ് ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിച്ചു. ശരീരത്തില്‍ തറച്ചുകയറിയ നാലുവെടിയുണ്ടകള്‍ ഇപ്പോള്‍ അവിടെ തന്നെ ഇരിക്കുകയാണ്. പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് 30,000 ഡോളര്‍ പ്രതിഫലമാണ് പോലീസ് പ്രഖ്യാപിച്ചിരുന്നത്. ഈ സംഖ്യ നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് കോളേജ് വിദ്യാര്‍ത്ഥി. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ പ്രതിയുടേതുതന്നെയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും, പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടിവരും കോളേജ് വിദ്യാര്‍ത്ഥിക്ക് അവാര്‍ഡ് ലഭിക്കുന്നതിന്.
Comments