കലിഫോർണിയ∙ ഫ്രിസ്നൊ ഷീൽഡ്സ് എക്സ്പ്രസ് മാർക്കറ്റിൽ കൺവീനിയൻസ് സ്റ്റോർ ക്ലാർക്കും സിഖ് വംശജനുമായ ഗുർച്ചൺ ജിൽ (68) ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം കുത്തേറ്റ് മരിച്ചതായി ഫ്രിസ്നൊ പൊലീസ് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തി. സ്റ്റോറിൽ എത്തിയ ഒരു കസ്റ്റമറാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തേറ്റ് മരിച്ച ജില്ലിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വംശീയ ആക്രമണമായി സംഭവത്തെ തൽക്കാലം കാണാനാകില്ലെന്നും എന്നാൽ പൂർണ്ണമായും തളളികളയുന്നില്ലെന്നും അന്വേഷണ പരിധിയിൽ വംശീയത ഉണ്ടായിരുന്നവോ എന്ന് പരിശോധിക്കുമെന്നും പൊലീസ് ലഫ്റ്റനന്റ് പറഞ്ഞു. സിഖ് വംശജർ ധരിക്കുന്ന വസ്ത്രമോ, ടർബനോ സംഭവ സമയത്ത് ജിൽ ധരിച്ചിരുന്നില്ല. ഇതേ സ്ഥലത്തിന് സമീപം ഒരാഴ്ച മുമ്പ് അംറിക്ക് സിങ്ങ് ബാൽ ബസ് കാത്തു നിൽക്കുന്നതിനിടെ രണ്ട് ചെറുപ്പക്കാർ കാറിൽ എത്തി അസഭ്യം പറയുകയും ക്രൂരമായ മർദ്ദനങ്ങൾ അഴിച്ചുവിടുകയും ചെയ്ത സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിന് ഇതുവരെ പൊലീസിനായിട്ടില്ല. ഇവിടെയുളള സിഖ് കമ്മ്യൂണിറ്റി ആകെ ഭീതിയിലാണ്. രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് റിവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സിഖ് സമുദായംഗങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സെൻട്രൽ കലിഫോർണിയ സിഖ് കൗൺസിൽ മെമ്പർ ഐക്ക് ഗ്രാവാൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ശക്തമായ സുരക്ഷാസംവിധാനങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നും ലഫ്റ്റനന്റ് പറഞ്ഞു.
Comments