ചിക്കാഗൊ: ചിക്കാഗൊയിലെ പ്രധാന വിമാനതാവളങ്ങളായ ഒഹെയര്‍, മിഡ് വെ എന്നിവിടങ്ങളില്‍ നിന്നും, രാജ്യത്തിനകത്തോ, പുറത്തോ യാത്ര ചെയ്യുന്നവര്‍ മൂന്നു മണിക്കൂര്‍ മുമ്പു വിമാനതാവളത്തില്‍ എത്തിചേരണമെന്ന് റ്റി.എസ്.എ. അധികൃതര്‍ ഇന്ന്(മെയ് 17 ചൊവ്വ) യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതും, പരിശോധന കര്‍ശനമാക്കിയതുമാണ് പുതിയ തീരുമാനമെടുക്കാന്‍ കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇതുവരെ 2 മണിക്കൂര്‍ മുമ്പു എത്തണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. 2013 ല്‍ 643 മില്യണ്‍ യാത്രക്കാരെ സഹായിക്കുന്നത് 47,000 ഫുള്‍ടൈം ജീവനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം കൂടുകയും(740 മില്യണ്‍) ജീവനക്കാരുടെ എണ്ണം കുറയുകയും(42,500) ചെയ്തതായി അറിയിപ്പില്‍ ചൂണ്ടികാണിക്കുന്നു. ഞായറാഴ്ച യാത്രക്കാരെ പരിശോധനക്കുള്ള താമസം 2 മണിക്കൂറിലധികമായിരുന്നു. 450 യാത്രക്കാര്‍ക്കാണ് ഇതുമൂലം യാത്രമുടങ്ങിയത്. ഇവര്‍ക്ക് ഒരു രാത്രി എയര്‍പോര്‍ട്ടില്‍ കഴിയേണ്ടിവന്നു. മാത്രമല്ല 30 വിമാനസര്‍വ്വീസുകള്‍ താമസിച്ചാണ് പുറപ്പെട്ടത്. ഇല്ലിനോയ് സെനറ്റര്‍ ഡിക് ഡര്‍ബിന്‍, യാത്രക്കാരുടെ താമസം ഒഴിവാക്കുന്നതിന് 58 ഓഫീസര്‍മാരേയും, നാലു ബോബ് ഡിറ്റിഷിങ്ങ് ഡോഗുകളേയും നിയമിച്ചതായി അറിയിച്ചു. ഫെബ്രവുരി മുതല്‍ പരിശോധനാ സമയം കൂടുതല്‍ എടുത്തതിനാല്‍ 4,500 അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് യാത്ര മുടങ്ങിയതായും റ്റി.എസ്.എ. അറിയിച്ചു.
Comments