വാഷിംഗ്ടണ്‍: നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും, വാദപ്രതിവാദങ്ങള്‍ക്കും വിരാമമിട്ടു റിപ്പബ്ലിക്കന്‍ പാര്‍ട്ടി മെജോറട്ടി ലീഡറും ഹൗസ് സ്വീക്കറുമായ പോള്‍ റയന്‍ ഡൊണാള്‍ഡ് ട്രമ്പിന് പിന്തുണ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അജണ്ട നടപ്പാക്കുന്നതില്‍ ഡൊണാള്‍ഡ് ട്രമ്പ് വിജയിക്കുമെന്ന വിശ്വാസമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിന് വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഇന്ന് (ജൂണ്‍ 2 വ്യാഴം) പോള്‍ റയന്റെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ പത്രകുറിപ്പില്‍ ചൂണ്ടികാട്ടി.
യു.എസ്.ഹൗസ് മെജോറട്ടി ലീഡര്‍ റയണിന്റെ പിന്തുണ ഉറപ്പാക്കിയതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ വിജയ സാധ്യത വര്‍ദ്ധിച്ചു. സ്റ്റേറ്റ് സെക്രട്ടറി എന്ന പദവിയിലിരിക്കുമ്പോള്‍ ഇ-മെയില്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഡെമോക്രാറ്റിക്ക് പാര്‍ട്ടി മുന്‍നിര സ്ഥാനാര്‍ത്ഥി ഹില്ലരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതോടെ ജനപിന്തുണയില്‍ സാരമായ കുറവു സംഭവിച്ചതും, മറ്റൊരു സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് ഹില്ലരിക്കെതിരെ ശക്തിയായി ആഞ്ഞടിച്ചതും, ഹില്ലരിയുടെ തിരഞ്ഞെടുപ്പു വിജയ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്പിച്ചിട്ടുണ്ട്.
നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നുള്ളത് പ്രവചനാതീതമാണ്. ജൂണ്‍ 7ന് നടക്കുന്ന കാലിഫോര്‍ണിയ തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക്ക് പാര്‍ട്ടിയെ സംബന്ധിച്ചു നിര്‍ണ്ണായകമാണ്. ബര്‍ണി സാന്റേഴ്സാണ് വിജയിക്കുന്നതെങ്കില്‍ ഹില്ലരിയുടെ സ്ഥാനാര്‍ത്ഥിത്വം പരുങ്ങലിലാകും. ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ ഹില്ലരിക്കു തന്നെയാണ് മുന്‍തൂക്കമെങ്കിലും, തിരഞ്ഞെടുപ്പു കണ്വന്ഷന് വരെ ബര്‍ണി പൊരുതാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
Comments