വാഷിംഗ്ടൺ ∙ ഒരൊറ്റ മാസത്തിൽ 325 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് ഒബാമ റിക്കാർഡിട്ടു. ഓഗസ്റ്റ് 30 ചൊവ്വാഴ്ച മാത്രം 111 തടവുകാരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. ഈ മാസമാദ്യം 214 പേരുടേയും ശിക്ഷ ഇളവുചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ഇവരിൽ ഭൂരിഭാഗവും. മയക്കുമരുന്നു കേസിൽ കടുത്ത ശിക്ഷ നൽകുന്ന രാജ്യമാണ് അമേരിക്ക. ഇത്രയും കഠിനമായ ശിക്ഷ നൽകുന്നതിനെതിരെ ഒബാമ പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. ദീർഘകാല ശിക്ഷയനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾ ദാരിദ്ര്യത്തിലും കടുത്ത മാനസിക സമ്മർദ്ദത്തിലുമാണ് വളരുന്നതെന്ന് ശിക്ഷ ഇളവ് ചെയ്തതിനുശേഷം നടത്തിയ പത്ര സമ്മേളനത്തിൽ ഒബാമ ചൂണ്ടിക്കാട്ടി. ഒബാമയുടെ ഭരണത്തിൽ ഇതുവരെ 673 തടവുകാർക്കാണ് ശിക്ഷാ ഇളവ് ആനുകൂല്യം ലഭിച്ചിട്ടുളളത്.
ഒബാമയ്ക്ക് മുമ്പുണ്ടായിരുന്ന പതിനൊന്ന് പ്രസിഡന്റുമാർ ആകെ 690 പ്രതികൾക്കാണ് ആനുകൂല്യം നൽകിയിട്ടുളളത്. മയക്കു മരുന്നു കേസുകളിൽ ശിക്ഷാ ഇളവ് ലഭിച്ചു പുറത്ത് കടക്കുന്നവരിൽ നിന്നും പൂർണ്ണമായും ഈ പ്രവണത ഒഴിവാക്കുവാൻ കഴിയുകയില്ലെന്ന് വിദഗ്ദരുടെ അഭിപ്രായം. പലപ്പോഴും ഇവർ സമൂഹത്തിന് ഭീഷണിയാകുന്നുവെന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ദിവസം മിസിസിപ്പിയിൽ രണ്ട് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ പ്രതി അറ്റ്ലാന്റാ ജയിലിൽ അഞ്ചു വർഷം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു. 2015 ജൂലൈയിൽ പരോളിൽ കഴിയവെ സെപ്റ്റംബർ മാസമാണ് പ്രൊബേഷൻ ലഭിച്ചത്. പ്രതിയെ ജയിലിൽ തന്നെ പാർപ്പിച്ചിരുന്നുവെങ്കിൽ കന്യാസ്ത്രീകൾ വധിക്കപ്പെടുകയായിരുന്നില്ലെന്നും അഭിപ്രായമുണ്ട്. ഒബാമ ശിക്ഷയിൽ ഇളവ് നൽകുന്നതിനെതിരെ ശക്തമായ എതിരഭിപ്രായവും ഉയരുന്നുണ്ട്.
Comments