ന്യൂയോർക്ക് ∙ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യയിൽ നിന്നുളള 19 കാരി രേഷ്മാ ബനൊ ന്യുയോർക്കിൽ നടക്കുന്ന ഫാഷൻ വീക്കിൽ അതിഥിയായി പങ്കെടുക്കും. സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുന്ന ഈ പരിപാടിയിൽ ഇന്റർ നാഷണൽ ഫാഷൻ ശേഖരണത്തിന്റെ പ്രദർശനവും വിൽപനയുമാണ് ലക്ഷ്യമിടുന്നത്. 7 മുതൽ 10 ദിവസം വരെ നീണ്ടു നിൽക്കുന്ന ഫാഷൻ ഷോയിൽ റൺവേയിലൂടെ നടക്കുന്നതിനാണ് ഷോയുടെ സംഘാടകരായ ഫാഷൻ പ്രൊഡക്ഷൻ ഫേമിന്റെ സംഘാടകർ രേഷ്മയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 1943 മുതൽ വർഷത്തിൽ രണ്ട് തവണ നടക്കുന്ന (ഫെബ്രുവരി, സെപ്റ്റംബർ) ഫാഷൻ ഷോ ലോകത്തിൽ പാരീസ്, ലണ്ടൻ, മിലൻ തുടങ്ങിയ വൻ നഗരങ്ങളിലാണ് ന്യുയോർക്കിനെ കൂടാതെ സംഘടിപ്പിക്കുന്നത്. സഹോദരിയെ ഭർത്താവിൽ നിന്നും രക്ഷിക്കുന്നതിനു ശ്രമിച്ചതിനാണ് കോപിഷ്ടനായ സഹോദരി ഭർത്താവ് രേഷ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. 2014 മെയ് 9 നായിരുന്നു ആസിഡ് ആക്രമണം. ആക്രമണത്തിനുശേഷം റോഡിൽ വീണ രേഷ്മയെ 4 മണിക്കൂറിനുശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒൻപതു മാസത്തിനുളളിൽ അഞ്ച് സ്കിൻ ഗ്രാഫ്റ്റ് ശസ്ത്രക്രിയയ്ക്കു രേഷ്മ വിധേയയായിരുന്നു. ആസിഡ് ആക്രമണത്തിന്റെ ഭയാനകതയെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് ജീവിത ലക്ഷ്യമെന്ന് രേഷ്മ പറയുന്നു. ആദ്യമായാണ് ബോംബെ നഗരം വിട്ടു രേഷ്മ വിദേശത്തേക്ക് പോകുന്നത്. ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുക്കുന്നതു ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് രേഷ്മ പറയുന്നു.
Comments