ലൊസാഞ്ചലസ് ∙ ഓർത്തഡോക്സ് സഹോദരങ്ങളുമായും ഇതര സഭാ വിഭാഗങ്ങളുമായും സഹകരിച്ച് സെപ്റ്റംബർ 1 ആഗോള കത്തോലിക്ക സഭാ ‘വേൾഡ് ഡേ ഓഫ് പ്രെയർ ഫോർ കെയർ ഓഫ് ക്രിയേഷൻ’ ദിനമായി ആഘോഷിച്ചു. സൃഷ്ടിയിൽ ദൈവിക മഹാത്മ്യത്തെ ദർശിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിശ്വാസികളും സമൂഹവും പ്രതിജ്ഞാബദ്ധരായിരിക്കണം എന്ന് കെയർ ഓഫ് ക്രിയേഷൻ ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ നിന്നും മാർപാപ്പ പുറപ്പെടുവിച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പരാജയപ്പെട്ടു എന്ന് ബോധ്യപ്പെടുന്നവർ സൃഷ്ടിതാവിനോട് പാപ ക്ഷമ യാചിക്കുവാൻ ബാധ്യസ്ഥരാണ്. ഈശ്വരൻ സ്വന്തം കൈകളാൽ നിർമ്മിച്ച ഭൂമിയെ മനഷ്യർ ചൂഷണം ചെയ്യുന്നത് നിർബാധം തുടരുകയാണ്. ഇതിനെതിരെ മതനേതാക്കളും സാമൂഹ്യ പ്രവർത്തകരും സംഘടനാ നേതാക്കളും ശബ്ദം ഉയർത്തുന്നുണ്ടെങ്കിലും എല്ലാം നിഷ്ഫലമാകുന്നു. സൃഷ്ടിയെ അപായപ്പെടുത്തുന്നത് പാപമാണെന്നും ഇതു പ്രകൃതിയുടെ സന്തുലിതാവസ്ഥ താറുമാറാക്കുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകി. സൃഷ്ടിയുടെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്കാണ് ആധുനിക സംഭവ വികാസങ്ങൾ വിരൽ ചൂണ്ടുന്നത്. ഇതിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് 2007ൽ എക്യുമെനിക്കൽ അസംബ്ലി ടൈം ഫോർ ക്രിയേഷൻ സെപ്റ്റംബർ 18 മുതൽ അഞ്ചാഴ്ച ആഗോള തലത്തിൽ ആഘോഷിക്കുവാൻ തീരുമാനിച്ചത്. സൃഷ്ടിയെ സ്നേഹിക്കുന്നതിന്റെ ഭാഗമായി വിശക്കുന്നവർക്ക് ആഹാരവും തല ചായ്ക്കുവാൻ ഇടമില്ലാത്തവർക്ക് പാർപ്പിടവും നൽകുവാൻ ഓരോരുത്തരും തയ്യാറാകണമെന്നും പോപ്പ് അഭ്യർത്ഥിച്ചു.
Comments