വാഷിങ്ടൺ ∙ നാല് ഫോർ സ്റ്റാർ ജനറൽമാരും, പതിന്നാല് ത്രീ– സ്റ്റാർ ഫ്ലോഗ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 88 മുൻ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ ട്രംപിന്റെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. സെപ്റ്റംബർ 6ന് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഓഫിസിൽ നിന്നും പുറത്തുവിട്ട അറിയിപ്പിലാണ് എൻഡോഴ്സ്മെന്റിനെ കുറിച്ചുളള വിശദ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. നാഷണൽ സെക്യൂരിറ്റി പോളിസിയിൽ കാതലായ മാറ്റം അമേരിക്കൻ ജനത ആഗ്രഹിക്കുന്നതായി മേജർ ജനറൽ സിഡ്നി സച്ച്നൊ, റിയർ അഡ്മിറൽ ചാൾസ് വില്യം എന്നിവർ നേതൃത്വം നൽകുന്ന ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളിൽ ഭാഗഭാക്കുകളാവുകയോ, ഉത്തരവാദിത്വം ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിക്കു മാത്രമേ ശക്തമായ നടപടികൾ മുഖം നോക്കാതെ സ്വീകരിക്കാനാകൂ എന്നും ഇവർ കരുതുന്നു. 2016 തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ ട്രംപിനു മാത്രമേ ഇതിനർഹതയുളളൂ എന്നും അടുത്ത കമാണ്ടർ ഇൻ ചീഫ് ചുമതല വഹിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യക്തി ട്രംപാണെന്നും ഇവർ വിശ്വസിക്കുന്നു. അമേരിക്കൻ സേനയെ പുനരുദ്ധരിക്കുന്നതിനും, അതിർത്തി സുരക്ഷിതമാക്കുന്നതിനും അകത്തും പുറത്തുമുളള തീവ്രവാദത്തെ ഫലപ്രദമായി നേരിടുന്നതിനും ട്രംപ് പ്രഖ്യാപിച്ച നയങ്ങൾക്ക് തങ്ങൾ പിന്തുണ നൽകുന്നു എന്നാണ് ഗ്രൂപ്പ് നേതാവ് സിഡ്നി പറഞ്ഞത്. തിരഞ്ഞെടുപ്പ് ദിനം അടുക്കും തോറും ട്രംപിന്റെ പിന്തുണ വർദ്ധിച്ചു വരുന്നതായാണ് സർവ്വേ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
Comments