നോർത്ത് കാരലൈന∙ ഹാൽസ്ബർഗിലുളള റിപ്പബ്ലിക്കൻ പാർട്ടി ഓഫിസിനു നേരെ ഫയർ ബോംബ് വലിച്ചെറിയുകയും ഭീഷിണിപ്പെടുത്തുന്ന വാചകങ്ങൾ എഴുതി വയ്ക്കുകയും ചെയ്തതായി നോർത്ത് കാരലൈനയിൽ നിന്നും റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 16 ഞായറാഴ്ച രാവിലെയാണ് തകർക്കപ്പെട്ട നിലയിൽ ഓഫിസിനകം കാണപ്പെട്ടത്. ജനലിലൂടെയാണ് ബോംബ് വലിച്ചെറിഞ്ഞത്. നാസി റിപ്പബ്ലിക്കൻസ് എന്ന വാചകമാണ് ഓഫിസിലും സമീപത്തുളള കെട്ടിടങ്ങളിലും എഴുതിവച്ചത് എന്ന് അധികൃതർ അറിയിച്ചു. ജനാധിപത്യത്തിനു നേരെ നടന്ന നഗ്നമായ ആക്രമണമാണിതെന്ന് നോർത്ത് കാരലൈന റിപ്പബ്ലിക്കൻ പാർട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. ഏതു പാർട്ടിയിൽപെട്ടവരായാലും ഈ ആക്രമണം അപലപിക്കപ്പെടേണ്ടതാണെന്ന് ഡയറക്ടർ അഭിപ്രായപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അക്രമണത്തിന് ഉത്തരവാദികളായവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഈ പൊതു തിരഞ്ഞെടുപ്പിൽ നോർത്ത് കാരലൈന സംസ്ഥാനത്തിനു നിർണ്ണായക സ്ഥാനമാണുളളത്. ഹിൽസ്ബറൊ മേയർ ടോം സ്റ്റീവൻസൺ ബോംബാക്രമണത്തെ നിശിതഭാഷയിൽ വിമർശിച്ചു.
Comments