മിഷിഗൻ ∙ വീട്ടിലേക്ക് പുതിയതായി കൊണ്ടുവന്ന ഡൊബർമാന്റെ (നായ) ആക്രമണത്തിൽ നാലു വയസ്സുകാരി കൊല്ലപ്പെടുകയും മകളെ രക്ഷിക്കാൻ ശ്രമിച്ച മാതാവിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 23 ന് ഞായറാഴ്ച സെന്റ് ജോസഫ്സ് കൗണ്ടിയിലെ വീട്ടിലേക്ക് മുൻ ഉടമസ്ഥനാണ് നായയെ കൂട്ടികൊണ്ടുവന്നത്. വളർത്തു മൃഗങ്ങളെ വളരെയധികം സ്നേഹിച്ചിരുന്ന കായാന എന്ന നാലു വയസ്സുകാരിയുടെ അടുക്കൽ മണം പിടിച്ചു നിന്നിരുന്ന നായ പെട്ടെന്ന് അക്രമാസക്തമായി ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. നായയുടെ കടിയേറ്റ് അബോധാവസ്ഥയിൽ നിലത്തു വീണ കുട്ടിയെ ആംബുലൻസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മാതാവിന്റെ തലയിലും കയ്യിലും സാരമായ മുറിവേറ്റു. മുൻ ഉടമസ്ഥൻ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇതിനു മുമ്പൊരിക്കലും നായ അക്രമാസക്തമായിട്ടില്ലെന്ന് ഉടമസ്ഥൻ പറഞ്ഞു.
മൃഗങ്ങളെ ജീവനു തുല്യം സ്നേഹിച്ച കായാനയ്ക്കു മൃഗഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹമെന്ന് പിതാവ് ജെറാൾഡ് ജോൺസൻ പറഞ്ഞു. പ്രതിവർഷം അമേരിക്കയിൽ 4.5–4.7 മില്യൺ പേർക്ക് പട്ടിയുടെ കടിയേൽക്കുന്നതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 30 വരെ മരണങ്ങൾ സംഭവിക്കുന്നു. വളർത്തു പട്ടികൾ പൊതുവെ ശാന്തരാണെങ്കിലും ഏതു സമയത്താണ് പ്രകോപിതരാകുക എന്നതു പ്രവചനാതീതമാണ്. കുട്ടികളെ പട്ടികളുടെ കാവലിലാക്കി പുറത്തു പോകുന്ന നിരവധി മാതാപിതാക്കൾ ഉണ്ട്. ഇത് അപകടകരമാണ്. 2016 ജനുവരിയിൽ മാത്രം നാല് കുട്ടികൾ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Comments