ഫ്ലോറിഡ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫ്ലോറിഡാ സംസ്ഥാനത്തെ വിജയം ഇരുപാർട്ടികൾക്കും നിർണ്ണായകമാണെന്നിരിക്കെ ഇതുവരെ ഹിലറിക്കുണ്ടായിരുന്ന ലീഡ് കുത്തനെ കുറഞ്ഞതായും ട്രംപിനു നാലു പോയിന്റ് ലീഡ് വർദ്ധിച്ചതായും ന്യുയോർക്ക് ടൈംസ് അഫ് ഷോട്ട് / സിയൻ സർവ്വേ ഫലങ്ങൾ ചൂണ്ടികാണിക്കുന്നു. എഫ്ബിഐ തലവൻ ഇമെയിൽ വിവാദത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചതിനു തൊട്ടു പുറകിൽ ഹിലറിയുടെ ലീഡ് കുറയുകയും ട്രംപ് മുന്നിലെത്തുകയായിരുന്നു. ഒരു മാസം മുൻപു നടത്തിയ സർവ്വേയിൽ ഹിലറി പോയിന്റ് നിലയിൽ വളരെ മുന്നിലായിരുന്നു. 46 ശതമാനം വോട്ടർമാർ ട്രംപിനെ അനുകൂലിച്ചപ്പോൾ 42 ശതമാനമാണ് ഹിലറിയെ അനുകൂലിച്ചത്. ഫ്ലോറിഡായിലെ 29 ഇലക്ട്രറൽ വോട്ടുകൾ ട്രംപിനെ സംബന്ധിച്ചു വിജയിക്കുന്നതിന് അനിവാര്യമാണ്. ഹിലറിക്ക് മറ്റു സംസ്ഥാനങ്ങളിൽ വിജയം ലഭിക്കുമെന്നിരിക്കെ ഫ്ലോറിഡായിലെ ഇലക്ട്രറൽ വോട്ടുകൾ അത്രയും നിർണ്ണായകമല്ല.
ഫ്ലോറിഡായിലെ ഹിസ്പാനിക്ക്, ബ്ലാക്ക് വോട്ടർമാർ ഹിലറിയെ പിന്തുണച്ച പ്പോൾ, വൈറ്റ് ബഹുഭൂരിപക്ഷം വോട്ടർമാരും ട്രംപിനാണ് പിന്തുണ നൽകുന്നത്. ക്യുബൻ വോട്ടർമാർക്ക് വളരെ സ്വാധീനമുളള ഫ്ലോറിഡായിൽ ഹില്ലറിക്കുണ്ടായിരുന്ന പിന്തുണയിൽ സാരമായ മാറ്റം സംഭവിക്കുകയും അതു ട്രംപിനനുകൂലമാകുന്നതായും സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കും തോറും ദേശീയതലത്തിൽ ട്രംപ് നില മെച്ചപ്പെടുത്തുമ്പോൾ ഹിലറി ഇമെയിൽ വിവാദത്തിൽ കുരുങ്ങി കിടക്കുകയാണ്.
Comments