വാഷിങ്ടൻ ∙ ആറും നാലും രണ്ടും വയസുളള കുട്ടികൾക്ക് സുഖമായി ഉറക്കം ലഭിക്കുന്നതിന് സ്ഥിരമായി ഹെറോയിൻ കുത്തിവെയ്പ്പ് നൽകിയിരുന്ന യുവ മാതാപിതാക്കളെ വാഷിങ്ടനിൽ അറസ്റ്റ് ചെയ്തു. ആഷ് ലി ഹട്ട് (24), മാക്ക് ലിറോയ്(25) എന്നിവരെ ഒക്ടോബർ 31 തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തിരുന്നതെന്ന് പിയേഴ്സ് കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് വക്താവ് എഡ് ട്രോയർ പറഞ്ഞു. ഇവരുടെ വീട്ടിൽ നിന്നും ഹെറോയിൻ, കുത്തിവെയ്ക്കുവാൻ ഉപയോഗിക്കുന്ന സൂചികൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. സുഖകരമായ ഉറക്കത്തിനുളള മെഡിസനാണിതെന്ന് പറഞ്ഞാണ് 6 വയസുകാരന് വെളുത്ത പൊടി വെളളത്തിൽ കലക്കി കുത്തിവെച്ചിരുന്നതെന്ന് ഷെറിഫ് പറഞ്ഞു. മൂന്ന് കുട്ടികളുടേയും ശരീരത്തിൽ കുത്തിവെച്ചതിന്റെ പാടുകൾ ദൃശ്യമാണ്. 2 കുട്ടികൾ മയക്കുമരുന്ന് പരിശോധനയിൽ പോസിറ്റീവാണെന്നാണ് മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. യുവ മാതാപിതാക്കളും മയക്കുമരുന്നിനടിമയാണെന്ന് ഇവർ തന്നെ സമ്മതിച്ചിരുന്നു. ഇരുവരും കുറ്റം നിഷേധിച്ചിട്ടുണ്ട്. മൂന്ന് കുട്ടികളേയും ഇവരുടെ സംരക്ഷണയിൽ നിന്നും മാറ്റി പാർപ്പിച്ചിരിക്കുകയാണ്. അമേരിക്കയിൽ മയക്കുമരുന്നുപയോഗം മാറാവ്യാധിയായി വ്യാപിച്ചിരിക്കുന്നു. മയക്കുമരുന്നിന്റെ അമിത ഉപയോഗം ഓരോ വർഷവും അനേകരുടെ ജീവനാണ് അപഹരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചു വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടേയും എണ്ണം വർഷം തോറും വർദ്ധിച്ചു വരുന്നു. മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു അവബോധം വർദ്ധിപ്പിക്കുന്നതിനുളള നടപടികൾ കൗണ്ടി അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
Comments