വാഷിങ്ടൻ∙ റിപ്പബ്ലിക്കൻ പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിന് അഭിപ്രായ വ്യത്യാസങ്ങൾക്ക് വിരാമമിട്ട് യുഎസ് ഹൗസ് സ്പീക്കർ പോൾ റയാൻ ഡോണാൾഡ് ട്രംപിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചു. പോൾ റയാന്റെ അവസാന മണിക്കൂർ പ്രഖ്യാപനം ട്രംപിന്റെ വിജയത്തിന് വളരെ അനിവാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. ഇന്ന് അമേരിക്ക അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികളെ അതിജീവിക്കുന്നതിന് യാതൊരു പുതിയ നിർദ്ദേശങ്ങളും ഹിലറി മുന്നോട്ടു വച്ചിട്ടില്ലെന്നും, എട്ട് വർഷം അധികാരത്തിലിരുന് ഒബാമയുടെ ഭരണ തുടർച്ച മാത്രമായിരിക്കും ഹിലറി പ്രസിഡന്റായാൽ സംഭവിക്കുന്നതെന്നും റയാൻ ചൂണ്ടിക്കാട്ടി. ഭരണ സംവിധാനം പൂർണ്ണമായും ഹിലറിക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും റയാൻ ആരോപിച്ചു.
അധഃപതനത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ കൈപിടിച്ചു ഉയർത്തണമെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയെ അധികാരത്തിലേറ്റണമെന്നും റയാൻ അഭിപ്രായപ്പെട്ടു. സ്വന്തം സംസ്ഥാനമായ വിസ് കോൺസിൽ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു പ്രചരണം നടത്തിയ പോൾ റയാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുളള യുഎസ് കോൺഗ്രസ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന മുദ്രവാക്യം പ്രസക്തമാണെന്നും ഇതിന്റെ പൂർത്തീകരണം ട്രംപിന്റെ വിജയത്തിലൂടെ യാഥാർത്ഥ്യമാകുമെന്നും റയാൻ പറഞ്ഞു.
Comments