ഓസ്റ്റിൻ: ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിനിലെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. നവംബർ 9 ബുധനാഴ്ചയായിരുന്നു ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ പ്രകടനം നടത്തിയത്. നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയതോടെ വാഹനഗതാഗതം നിർത്തിവെച്ചു. ഓസ്റ്റിൻ ഡൗൺ ടൗണിലൂടെ പ്രകടനവുമായി വിദ്യാർത്ഥികൾ ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചും പ്ലാകാർഡുകൾ ഉയർത്തിയുമാണ് മുന്നേറിയത്. പ്രകടനം അക്രമാസക്തമാകാതിരിക്കുന്നതിന് പൊലീസ് മുൻ കരുതലുകൾ സ്വീകരിച്ചിരുന്നു. ഡാലസ്, ഓസ്റ്റിൻ, ഡന്റൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എൽജിബിടി, സ്വവർഗ്ഗരാഗികൾ എന്നിവർക്കെതിരെ ട്രംപിന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികൾ പ്രകടനം സംഘടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ട്രംപിനെതിരെ പ്രതിഷേധിക്കുന്നവർ ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഹിലറിയുടെ പരാജയം ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് സഹിക്കാവുന്നതിലധികമായിരുന്നു. അമേരിക്കയുടെ പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾക്ക് പുറമെ മുതിർന്നവരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പരാജയം സംഭവിച്ചവർ വിദ്യാർത്ഥികളെ സ്വാന്തനപ്പെടുത്തുന്നതിനുളള പ്രസ്താവനകളോ, നടപടികളോ സ്വീകരിക്കാത്തത് പൗരന്മാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ട്രംപ് അധികാരത്തിലേറിയാൽ പ്രതിലോമ ശക്തികൾ സജീവമാകുമോ എന്നൊരു ചോദ്യം ശക്തിയായി ഉയരുന്നുണ്ട്.
Comments