സാക്രമെന്റൊ ∙ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി ഗുർണൂർ സിംഗ് നഹൽ വീടിനു മുമ്പിലുളള ഗാരേജിനു സമീപം വെടിയേറ്റ് മരിച്ചു. നവംബർ 8നായിരുന്നു സംഭവം. ഇന്റർകും ഹൈസ്കൂളിൽ നിന്നും 2017 സ്പ്രിംഗിൽ ഗ്രാജുവേറ്റ് ചെയ്യാനിരിക്കെയാണ് നഹൽ കൊല്ലപ്പെട്ടത്. പിതാവിന്റെ കടയിൽ നിന്നും രാത്രി പത്ത് മണിയോടെ വീടിനു സമീപം എത്തിച്ചേർന്ന് കാറിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് നഹലിന് ആക്രമിയുടെ വെടിയേറ്റത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന നഹലിന്റെ മുത്തശ്ശിയാണ് വെടിയേറ്റ് കിടക്കുന്ന കൊച്ചുമകനെ ആദ്യം കണ്ടത്. നഹൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. കടയിൽ നിന്നുളള കളക്ഷനുമായാണ് നഹൽ വീട്ടിലേക്ക് തിരിച്ചത്. കൊലയാളി നഹലിനെ പിന്തുടർന്ന് വീടിനു സമീപമെത്തിയപ്പോൾ വെടിവെച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. കാറിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലുളളവർ തിരഞ്ഞെടുപ്പിന്റെ വാർത്ത കേൾക്കുന്ന തിരക്കായതിനാൽ പുറത്ത് നടന്ന സംഭവം അറിഞ്ഞിരുന്നില്ല. കവർച്ചാ ശ്രമമായിരുന്നുവോ അതോ മറ്റ് കാരണങ്ങളാണോ വെടിവെയ്ക്കുവാൻ കൊലയാളിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.
Comments