ജോർജിയ:മുൻ കാമുകിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സ്റ്റീവൻ സ്പിയേഴ്സിന്റെ (54) വധശിക്ഷ ബുധനാഴ്ച വൈകിട്ട് ജോർജിയ ജാക്സൻ പ്രിസണിൽ നടപ്പാക്കി. 2001 ഓഗസ്റ്റ് 25 നായിരുന്നു മുൻ കാമുകി ഷെറി ഹോൾ ലാന്റിനെ(34) ലംപ്കിൻ കൗണ്ടിയിലുളള വീട്ടിൽവെച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. മറ്റൊരാളുമായി ഡേറ്റിങ്ങ് നടത്തിയ സംശയത്തിന്മേലായിരുന്നു കൊലപാതകം. കൈകാലുകൾ ടേപ്പു കൊണ്ടു ബന്ധിച്ചു കൊല നടത്തുന്നതിനിടെ അവസാനമായി ഷെറി പറഞ്ഞത് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞിരുന്നു. 2007ൽ വധശിക്ഷയ്ക്കു വിധിച്ചത് 2015ൽ സ്ഥിരപ്പെടുത്തി. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു അഞ്ചു നിമിഷങ്ങൾക്കുളളിൽ മരണം സ്ഥിരീകരിച്ചു. 2016ൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയത് ജോർജിയ സംസ്ഥാനമാണ്. വധശിക്ഷയിൽ എന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടെക്സസിൽ 7 പേർ മാത്രമാണ് ഇതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഈ വർഷം അമേരിക്കയില്‍ ആകെ 18 വധശിക്ഷകളാണ് നടപ്പാക്കിയത്. വിഷം കുത്തിവെച്ചു നടത്തുന്ന വധശിക്ഷ പ്രാകൃതമാണെന്നും നിർത്തലാക്കണമെന്നും ശക്തമായ ആവശ്യം അമേരിക്കയിൽ ഉയരുന്നു.
Comments