(മിനിക്കഥ)
പി. ടി. പൗലോസ്
തുള്ളിക്കൊരുകുടംപോലെ പെയ്യുന്ന ഒരു കാലവർഷക്കാലത്ത് വാഴയിലക്കുടചൂടി, ഞാൻ വീട്ടിൽ മറന്ന പൊതിച്ചോറുമായി പളളിക്കൂടമുറ്റത്ത് കാത്തുനിന്ന എൻെറ വല്യപ്പച്ഛൻ. നാലുമണിവിട്ട് നാൽക്കവലയിൽ ഞാനെത്താൻ നോക്കി നിൽക്കും വീട്ടിൽനിന്ന് ഓടിവന്നെന്നെ കെട്ടിപ്പുണരാൻ. അപ്പോൾ വല്യപ്പച്ഛന്റെ നരച്ച കുറ്റിരോമങ്ങൾ കവിളിൽക്കൊണ്ടു ഞാൻഇക്കിളിയിടും . ഒരു ദിവസം സ്കൂൾ വിട്ടുവന്ന ഞാൻ മൂടിപ്പുതച് കിടന്നുവിറക്കുന്ന വല്യപ്പച്ഛനെ തൊട്ടുനോക്കിയപ്പോൾ പൊള്ളുന്ന ചൂട് ! പിറ്റേദിവസം കയ്യുറയും കാലുറയുമിട്ട് തലയിൽ തൊപ്പിയും നെഞ്ചത്ത് കുരിശും വച്ച് ചന്ദനനിറമുള്ള പെട്ടിയിൽ ഒതുങ്ങിക്കിടന്ന വല്യപ്പച്ഛനെ ഒരു പറ്റം ആളുകൾ പൊക്കിയെടുത് പടികടന്നു മണികിലുക്കിപോയ ഘോഷയാത്ര, വല്യപ്പച്ചന് ഏറ്റവും ഇഷ്ടമുള്ള പൊള്ളിച്ച പുഴ മീനും കനലിൽ ചുട്ട കപ്പയും ചുട്ടരച്ചതേങ്ങാച്ചമ്മന്തിയുമില്ലാത്ത ലോകത്തേക്കുള്ള വിലാപയാത്ര ആയിരുന്നു എന്ന് തിരിച്ചറിയാൻ കുറെ നാളുകൾകൂടി എടുത്തു.
രാവിലെ സ്കൂളിൽ പോകാൻ നേരം വായിൽ ചോറുരുള തിരുകി തന്ന് മൂർദ്ധാവിൽ ചുംബിച് പടിയിറക്കിവിട്ട എന്റെ വല്യമ്മച്ചി കണ്ണെത്താദൂരം ഞാൻ പോകുന്നത് നോക്കിനിന്ന് കുഴഞ്ഞുവീണ് ജീവനറ്റു. ഞാൻ സ്കൂളിൽ എത്തുന്നതിനു മുൻപു തന്നെ എന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ആളയച്ചത് ഓടിനടക്കുന്ന വല്യമ്മച്ചിയെക്കാണാനല്ല. മറിച്ച് അവസാനയാത്രക്ക് അണിഞ്ഞൊരുങ്ങിക്കിടക്കുന്ന വല്യമ്മച്ചിയെ കാണാനായിരുന്നു. അപ്പോൾ ഹ്രദയം നുറുങ്ങി ഞാൻ പരിഭവിച്ചു... ഇവർക്കല്പംകൂടി ദയ കാണിച്ചുകൂടെ? ഒരു യാത്രാമൊഴിക്കെങ്കിലും അവസരം തരാതെ.... എന്നാലും ഞാൻ തിരിച്ചറിഞ്ഞു ഇവരൊക്കെ ദൈവത്തിന്റെ മറുവാക്കുകളായിരുന്നു എന്ന്. പൊടിപുരണ്ട ആ ഓർമ്മകൾക്ക് വജ്രത്തിൻെറ തിളക്കമുണ്ട്. ഹ്രദയത്തിൻെറ അടിത്തട്ടുകളെ ഉലയ്ക്കുന്ന ഓർമ്മകളുടെ അടിയൊഴുക്കുകളിലൂടെയുളള എൻെറ ആത്മസഞ്ചാരത്തിൽ ഞാനൊറ്റക്ക്.....വിലാപങ്ങൾക്കപ്പുറത്തെ വിശാലമായ ഇരുണ്ട ലോകത്ത്. അവിടെ ഞാൻ ലയിക്കട്ടെ ഒരു വിഷാദബിന്ദുവായി.
Comments