വരിക നീയെന്നില്‍ വരമായ് നിറഞ്ഞിടാന്‍, ജാലകങ്ങള്‍ തുറന്നേ കിടക്കുന്നു. തപസ്സിലാണുള്ളു നിന്‍ വരം നേടിടാന്‍, അരുതു താമസം ആ കടാക്ഷത്തിനായ്. നന്മ കാക്കുന്ന വാക്കായ് ജനിക്ക നീ.. വരികളായങ്ങൊഴുകി പരക്കു നീ.. ഹൃദയതാളം നിലക്കും വരേക്കുമെന്‍, ഹൃദയമായ് തുടിച്ചീടുകെന്നുള്ളില്‍ നീ... ഉണ്മയായ് വിളങ്ങുന്ന നീ വരികെന്‍റെ, തൂലികത്തുമ്പില്‍ ഊര്‍ന്നിറങ്ങീടുക. ചിന്ത പൂക്കും മനസ്സിന്‍ വസന്തമായ്, എന്നുമെന്നില്‍ വസിക്കുകെന്‍ കവിതേ നീ.. അശയങ്ങള്‍ക്കു പഞ്ഞമില്ലാതെന്നും അറിവുകാക്കുന്ന ദേവിയായ് വാഴുക. അറിവു തെല്ലുമില്ലാത്തൊരെന്‍ പൂജയില്‍, അലിയുമോ നീയെന്‍ അഭയമായ് നില്‍ക്കുമോ? കഴിവുകാട്ടിയഹങ്കരിച്ചീടുവാന്‍ കവിത പെറ്റുകൂട്ടീടുവാനല്ലെന്‍റെ കലുഷമാം മനം ശാന്തമാക്കീടുവാന്‍, കനിവു പകരുന്ന കനിമരമാകുവാന്‍.. നീതികേടു തുറന്നു കാട്ടീടുവാന്‍ യുക്തിയേറിടും ശക്തമാം വാക്കായി, കറപുരട്ടാത്ത വരികളായ് വന്നെന്‍റെ തൂലികത്തുമ്പില്‍ ഊര്‍ന്നിറങ്ങീടുക...
Comments