വാഷിംഗ്ടണ്‍: 2012 ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിയമപരമായി തുടരുന്നതിന് അര്‍ഹത ലഭിച്ച 17000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ച് ആശങ്കയുള്ളതായി കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്ററും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഹോംലാന്റ് സെക്യൂരിറ്റി തലവനായി നിയമിച്ച റിട്ടയേര്‍ഡ് ജനറല്‍ ജോണ്‍ കെല്ലി സെനറ്റ് കമ്മറ്റിക്ക് മുമ്പില്‍ ജനുവരി 10ന് ഹാജരായപ്പോളാണ് സെനറ്റില്‍ നവാഗതയായ കമല ഹാരിസ് തന്റെ ഉത്കണ്ഠ അറിയിച്ചത്. ഒബാമ കൊണ്ടുവന്ന നിയമം റദ്ദാക്കണമെന്ന ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പാക്കുമോ എന്ന ചോദ്യത്തിന് 'അത്രയും മുന്തിയ പരിഗണന ഇതിന് നല്‍കുന്നില്ല' എന്നാണ് കെല്ലി പ്രതികരിച്ചത്. 800000 അണ്‍ ഡോക്യുമെന്റഡ് കുട്ടികളാണ് നിയമ വിരുദ്ധമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ ഇവിടെ വിദ്യാഭ്യാസം നടത്തുകയും, വിവിധ ഉയര്‍ന്ന തസ്തികകള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്നവരുമാണ്. ഇന്ത്യയില്‍ നിന്നുള്ള 17000 വിദ്യാര്‍ത്ഥികളില്‍ 3608 പേര്‍ മാത്രമേ ഡി. എ. സി. എ (D AC A) നിയമത്തിന്റെ ആനുകൂല്ല്യം വേണമെന്നാവശ്യപ്പെട്ട് ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളു എന്ന് കമല ഹാരിസ് വെളിപ്പെടുത്തി. 80000 കുട്ടികള്‍ ഉള്‍പ്പെടെ 11 മില്ല്യനാണ് അമേരിക്കയിലേക്ക് ആവശ്യമായ യാത്രാ രേഖകളില്ലാതെ കുടിയേറിയിരിക്കുന്നത്. ഇവരില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയവരെ പുറത്താക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
Comments