മിഷിഗണ്‍: അഫോഡബിള്‍ കെയര്‍ ആക്ടിന്റെ ആനുകൂല്യം ലഭിക്കുന്ന 30 മില്യണ്‍ അമേരിക്കക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കി ഒബാമ കെയര്‍ പദ്ധതി പിന്‍വലിക്കുന്നത് അപകടകരമാണെന്ന് വെര്‍മോണ്ട് സെനറ്ററും, ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബര്‍ണി സാന്റേഴ്‌സ് മുന്നറിയിപ്പു നല്‍കി. ഒബാമ കെയര്‍ പിന്‍വലിക്കുന്നതിനെതിരെ കനത്ത മഞ്ഞുവീഴ്ചപോലും അവഗണിച്ചു ഇന്ന് (ജനുവരി 15) ഞായറാഴ്ച മിഷിഗണിന്റെ വിവിധ സിറ്റികളില്‍ സംഘടിപ്പിച്ച റാലികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബര്‍ണി. ഒബാമ കെയര്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നും, കൂടുതല്‍ പഠനത്തിന് വിധേയമാക്കി കുറവുകള്‍ നികത്തുന്നതിനുള്ള നടപടികളാണ് ആവശ്യമെന്നും ബര്‍ണി അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായ അമേരിക്കയില്‍ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ സംരക്ഷ ഉറപ്പാക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യം എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഒബാമ കെയര്‍ റിപ്പില്‍ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതിനുപകരം മറ്റൊരു പദ്ധതി കൊണ്ടുവരുന്നതുവരെ ഒബാമ കെയര്‍ നിലനിര്‍ത്തുന്നതിനുള്ള സമ്മര്‍ദം ചെലുത്തേണ്ടതു നമ്മുടെ കര്‍ത്തവ്യമാണെന്ന് ബര്‍ണി സാന്റേഴ്‌സ് പ്രഖ്യാപിച്ചു. സെനറ്റ് മൈനോറട്ടി ലീഡര്‍ ചക് ഷുമര്‍, സെന്റ്റര്‍മാരായ ഡെബി, ഗാരി എന്നിവരും റാലിയെ അഭിസംബോധന ചെയ്തു.
Comments