കലിഫോര്‍ണിയ: അമേരിക്കയില്‍ സമീപ കാലങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരെ അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കലിഫോര്‍ണിയ മില്‍പിറ്റാസിലുള്ള ഇന്ത്യ കമ്മ്യൂണിറ്റി സെന്ററിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഐസിസി ടേബിള്‍ ടെന്നിസ് സെന്ററില്‍വച്ച് രണ്ടാഴ്ച മുമ്പ് ഒരു മെമ്പര്‍ ആക്രമിക്കപ്പെടുകയും കയ്യിലുണ്ടായിരുന്ന വിലപ്പെട്ട സാധനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സംഭവവും, മാര്‍ച്ച് 11, 12 തീയതികളില്‍ ടെന്നിസ് സെന്ററില്‍ അതിക്രമിച്ചു കയറി രണ്ടു പേര്‍ കളവു നടത്തുകയും ചെയ്തതാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് ഐസിസിയുടെ പ്രസ്താവനയില്‍ പറയുന്നു. വീഡിയോ, അലാംസിസ്റ്റം, മോഷന്‍ സെന്‍ഡേഴ്‌സ് എന്നിവയാണ് സുരക്ഷയുടെ ഭാഗമായി സ്ഥാപിക്കുന്നത്. സെന്ററിലേക്ക് വരുന്നവര്‍ ചുറ്റുപാടും പ്രത്യേകം ശ്രദ്ധിക്കണമെന്നും കാറുകള്‍ ലോക്ക് ചെയ്യണമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന വംശീയ ആക്രമങ്ങളും ഭീഷിണികളും നിയന്ത്രിക്കാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ ഇന്ത്യന്‍ ഏഷ്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments