ഫെയര്‍ഫില്‍ഡ(കണക്ക്റ്റിക്കട്ട്): ഏപ്രില്‍ 1ന് നടന്ന പാന്‍ കേക്ക് തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി 20 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സേക്രട്ട് ഹാര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ നടന്ന തീറ്റ മത്സരത്തില്‍ പങ്കെടുത്ത ഫെയര്‍ഫീല്‍ഡ് റോമന്‍ കാത്തലിക്ക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി കെയ്റ്റ്‌ലിന്‍ നെല്‍സന്റെ മരണം ഏപ്രില്‍ 2 ഞായറാഴ്ച ന്യൂയോര്‍ക്ക് പ്രിസ്ബിറ്റീരിയന്‍/ കൊളംബിയ യൂണിവേഴ്സ്റ്റി മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു. സെപ്റ്റംബര്‍ 11 ന് ഭീകരാക്രമണത്തില്‍ ഈ വിദ്യാര്‍ത്ഥിനിയുടെ പിതാവ് കൊല്ലപ്പെട്ടിരുന്നു. അഞ്ചു പാന്‍കേക്ക് കഴിച്ചു കഴിഞ്ഞ ഉടന്‍ പെട്ടെന്ന് വിദ്യാര്‍ത്ഥിന് തറയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ തൊണ്ടയില്‍ കുരുങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി. സംഭവ സ്ഥലത്തു പാഞ്ഞെത്തിയ പാരാമെഡിക്ക്‌സ് സി.പി.ആര്‍. നല്‍കി വിദ്യാര്‍ത്ഥിനിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയില്‍ തന്നെ ഇവര്‍ ചലനരഹിതയും, ബോധരഹിതയുമായിരുന്നു. മാന്‍ഹാട്ടനില്‍ മരണമടഞ്ഞ പിതാവിന്റെ അവയവദാനത്തില്‍ അഭിമാനം കൊണ്ടിരുന്ന കെയ്റ്റിലിന്‍ തന്റെ അവയവങ്ങളും ദാനം ചെയ്യുമെന്ന് ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. ഇവരുടെ താല്‍പര്യത്തെ മാനിച്ചു അവയവങ്ങള്‍ ഡൊണേറ്റ് ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Comments